വിഴിഞ്ഞം: പണം നല്‍കാന്‍ അദാനി ഗ്രൂപ്പിനു വിമുഖത
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖം നിര്‍മിക്കാന്‍ സര്‍ക്കാര്‍ വക കോടികള്‍ ലഭിച്ചിട്ടും വിവിധ സേവനങ്ങള്‍ക്ക് സര്‍ക്കാരിലേക്കടക്കേണ്ട പണം നല്‍കാന്‍ അദാനി ഗ്രൂപ്പിന് വിമുഖത .തുറമുഖ വകുപ്പിന് ലഭിക്കേണ്ട സര്‍വീസ് ചാര്‍ജുകള്‍ നല്‍കുന്ന കാര്യത്തില്‍നിര്‍മാണ കമ്പനി ഒളിച്ചു കളിക്കുന്നുവെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
തുറമുഖ നിര്‍മാണം ആരംഭിച്ച ശേഷം പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് പതിനഞ്ച് ലക്ഷത്തോളം രൂപ തുറമുഖ നിര്‍മാണ കമ്പനിയി നിന്ന് ലഭിക്കാനുണ്ട്.ഇത് അടക്കാന്‍ നോട്ടീസ് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും തുക അടക്കാന്‍ കമ്പനി തയാറായിട്ടില്ല.
കടല്‍ കുഴിക്കാന്‍ എത്തിയ ഡ്രഡ്ജര്‍, ടഗ്ഗ്, ബാര്‍ജ് തുടങ്ങിയ യാനങ്ങളുടെ വാര്‍ ഫേജ്,ചാനല്‍ ഫീസ് ഉള്‍പ്പെടെയുള്ള പോര്‍ട്ട്ഫീസാണ് കുടിശികയായിരിക്കുന്നത്. 2015 നവംബര്‍ മുതല്‍ 2016 ഓഗസ്റ്റ് വരെ എട്ട് ലക്ഷത്തോളം രൂപയുടെ കുടിശിക അടക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കമ്പനി അടച്ചത് വെറും രണ്ടു ലക്ഷത്തി നാല്‍പതിനായിരം രൂപ മാത്രം.
ഇപ്പോള്‍ കുടിശികയെല്ലാം കൂടി പതിനഞ്ച് ലക്ഷത്തോളം രൂപയായി. കൊമ്മേഴ്‌സ്യല്‍ വാഹനങ്ങളുടെ പ്രവേശന ഫീസ് ഇനത്തില്‍ വേറെയും പണം അടക്കാനുണ്ട്. തൊഴിലാളികള്‍ക്ക് ആഹാരം, വെള്ളം എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളെ പ്രവേശന ഫീസില്‍ നിന്ന് ഒഴിവാക്കി നല്‍കിയിട്ടും ഇതാണ് സ്ഥിതി.തുറമുഖ നിര്‍മാണവസ്തുക്കള്‍ സൂക്ഷിക്കാനായി കഴിഞ്ഞ വര്‍ഷം മെയില്‍ ഗോഡൗണ്‍ വാടകക്കെടുത്തു.ഇവിടെയും ഒരു രൂപ പോലും അടച്ചിട്ടില്ലെന്നാണറിവ് .
ഇതിനുള്ള വാടകയിനത്തിലും സര്‍ക്കാരിന് ലക്ഷങ്ങള്‍ ലഭിക്കാനുണ്ട്. വാടകക്ക്‌നല്‍കിയ ഗോഡൗണ്‍ തുറക്കാതെയും പ്രവര്‍ത്തന മില്ലാതെയും ഗ്രില്ലുകളും മേല്‍ക്കൂരയുടെ ഭാഗങ്ങളും തുരുമ്പെടുത്ത് നശിച്ചു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കും ലക്ഷങ്ങള്‍ വേണമെന്നതാണ് സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."