ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസ് : ആദ്യ റൗണ്ട് പിന്നിട്ട് ദ്യോക്കോവിച്, നദാല്‍, സെറീന
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസില്‍ നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പറുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്, മുന്‍ ചാംപ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍, മറ്റൊരു സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ എന്നിവര്‍ ആദ്യ റൗണ്ട് പോരാട്ടം വിജയിച്ചു.
വനിതകളില്‍ രണ്ടാം റാങ്കുകാരി അമേരിക്കയുടെ സെറീന വില്ല്യംസ്, പോളണ്ടിന്റെ അഗ്നിയെസ്‌ക റാഡ്വന്‍സ്‌ക, ഡെന്‍മാര്‍കിന്റെ കരോലിന്‍ വോസ്‌നിയാകി എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ആറു തവണ ചാംപ്യനും നിലവിലെ കിരീടാവകാശിയുമായ നൊവാക് ദ്യോക്കോവിച് സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡസ്‌കോയെ കീഴടക്കിയാണ് ആദ്യ റൗണ്ട് വിജയിച്ചത്. കടുത്ത പോരാട്ടം അതിജീവിച്ച ദ്യോക്കോ രണ്ടു മണിക്കൂറും 20 മിനുട്ടും പൊരുതി 6-1, 7-6 (7-4), 6-2 എന്ന സ്‌കോറിനാണ് വിജയിച്ചത്.
തുടര്‍ച്ചയായി രണ്ടു തവണ ആസ്‌ത്രേലിയന്‍ ഓപണിന്റെ ആദ്യ റൗണ്ടില്‍ തന്നെ അട്ടിമറി തോല്‍വി നേരിട്ട റാഫേല്‍ നദാല്‍ ഇത്തവണ അതാവര്‍ത്തിച്ചില്ല. ആദ്യ റൗണ്ടില്‍ ജര്‍മന്‍ താരം ഫ്‌ളോറിന്‍ മേയറെ കീഴടക്കി നദാല്‍ രണ്ടാം റൗണ്ടിലെത്തി. മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ 6-3, 6-4, 6-1 എന്ന സ്‌കോറിനാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിജയം സ്വന്തമാക്കിയത്. പരുക്കില്‍ നിന്നു മോചിതനായി തിരിച്ചെത്തിയ നദാല്‍ ഇവിടെ ഒന്‍പതാം സീഡാണ്.
സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ ആസ്‌ത്രേലിയന്‍ കൗമാര താരം ഒമര്‍ ജെസികയെ അനായാസം കീഴടക്കി. സ്‌കോര്‍: 6-3, 6-0, 6-2.
വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസിനു ആദ്യ റൗണ്ടില്‍ അനായാസ ജയം. പരുക്ക് ഭേദമായി മൂന്നു മാസങ്ങള്‍ക്കു ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സെറീന സ്വിസ് കൗമാര താരം ബെലിന്ത ബെന്‍കിക്കിനെയാണ് കീഴടക്കിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം. 19 വയസുകാരിയായ എതിരാളിയെ ഒരു മണിക്കൂറും 19 മിനുട്ടും കൊണ്ടു കെട്ടുകെട്ടിച്ച സെറീന 6-4, 6-3 എന്ന സ്‌കോറിനു വിജയം പിടിച്ചു.
കനത്ത വെല്ലുവിളി അതിജീവിച്ചാണ് പോളണ്ടിന്റെ അഗ്നിയെസ്‌ക റാഡ്വന്‍സ്‌ക വിജയിച്ചത്. ബള്‍ഗേറിയയുടെ സ്വെറ്റാന പിരോന്‍കോവയെ 6-1, 4-6, 6-1 എന്ന സ്‌കോറിനാണ് റാഡ്വന്‍സ്‌ക മറികടന്നത്.
ഡെന്‍മാര്‍കിന്റെ കരോലിന്‍ വോസ്‌നിയാകി ആസ്‌ത്രേലിയന്‍ താരം റോഡിനോവയെ അനായാസം പരാജയപ്പെടുത്തി. സ്‌കോര്‍: 6-1, 6-2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."