മോദിക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ഉമ്മന്‍ ചാണ്ടി
ന്യൂഡല്‍ഹി: പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെ ഹൈക്കമാന്‍ഡുമായി അനുരഞ്ജനചര്‍ച്ചയ്‌ക്കെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കൂടുത ല്‍ ആരോപണങ്ങളുമായി രംഗത്ത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയായ ഡി ലാ റ്യുവിനെ എങ്ങനെ മേക്ക് ഇന്ത്യ അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ പങ്കാളിയാക്കിയെന്നു ഉമ്മന്‍ചാണ്ടി ചോദിച്ചു.
കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയെ സുപ്രധാന പദ്ധതികളില്‍ പങ്കാളിയാക്കുക വഴി കേന്ദ്രം രാജ്യതാത്പ്പര്യം ബലികഴിച്ചിരിക്കുകയാണെന്നും അദ്ദേഹം എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഇതേ വിഷയത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്തും അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയത്.
കരാര്‍പ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയാണ് ഡി ലാറ്യൂ. ഇക്കാര്യം 2011ല്‍ അന്നത്തെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതേ കമ്പനിയെയാണ് മോദി മേക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികളില്‍ പങ്കാളിയാക്കിയത്.
ഡി ലാ റ്യൂ ന്യൂഡല്‍ഹിയില്‍ ഓഫിസ് തുറന്നതായും കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാണെന്നും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ഈ പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. കരിമ്പട്ടികയില്‍പ്പെട്ട കമ്പനിക്ക് എങ്ങനെയാണ് ഇന്ത്യയില്‍ ഓഫിസ് തുറക്കാനും കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും മോദിയുടെ പ്രിയ പദ്ധതിയില്‍ പങ്കാളിയാകാനും കഴിയുന്നതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.
കഴിഞ്ഞ നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ- ബ്രിട്ടന്‍ സമ്മേളനം സ്‌പോണ്‍സര്‍ ചെയ്തത് ഡി ലാ റ്യൂ ആയിരുന്നു. ഇതു തെളിയിക്കുന്ന, കമ്പനിയുടെ വെബ്‌സൈറ്റ് നേരത്തെ താന്‍ വാര്‍ത്താസമ്മേളനം നടത്തിയശേഷം പൊടുന്നനെ അപ്രത്യക്ഷമായി. പരാതി ഉന്നയിച്ച ഉടനെ പേജ് കാണാതായത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ തെരഞ്ഞെടുത്ത കമ്പനികളുടെ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ ഡി ലാ റ്യൂവും ഉള്ളതായി അറിയുന്നു. പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ കരിമ്പട്ടികയിലുള്ള ഒരുകമ്പനിയെ എന്തിനാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കമ്പനിയുടെ 2013, 2014, 2015ലെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ കമ്പനിക്ക് ഇന്ത്യയില്‍ സജീവമായ വ്യാപാരം ഇല്ലെന്നു പറയുന്നുണ്ട്.
എന്നാല്‍ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും പറയുന്നു. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഡി ലാ റ്യൂവിന്റെ ഓഹരി മൂല്യം 33ശതമാനം ഉയര്‍ന്നു. ഇന്ത്യയില്‍ വ്യാപാരം നടത്താത്ത ഡി ലാ റ്യൂവിന്റെ ഓഹരി മൂല്യത്തില്‍ കുത്തനെ വളര്‍ച്ചയുണ്ടായത് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് പി.സി ചാക്കോ, എ.ഐ.സി.സി വക്താവ് മീം അഫ്‌സല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."