മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍
കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ എയ്്ഡഡ് മാനേജുമെന്റുകളെ വിശ്വാസത്തിലെടുക്കാനും പരിഗണിക്കാനും സര്‍ക്കാരുകള്‍ തയാറാവണമെന്നു ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
സ്വാശ്രയ മാനേജ് മെന്റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. ക്രൈസ്തവ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി വിശ്വസിക്കുന്നില്ലെന്ന് കര്‍ദിനാള്‍ പ്രതികരിച്ചു. ഏതെങ്കിലും കോളജ് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ വിലക്കണം.സുതാര്യമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്കെതിരേ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാടു സ്വീകരിക്കില്ലെന്നാണു പ്രതീക്ഷയെന്നു ചോദ്യത്തിനു മറുപടിയായി ആലഞ്ചേരി പറഞ്ഞു. ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ സ്വാശ്രയമേഖലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളെയും അടച്ചാക്ഷേപിക്കുന്ന ശൈലി ഉചിതമല്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്ത നടപടി അംഗീകരിക്കാനാവില്ല. 2014-15ല്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും ബാച്ചുകളിലെയും അധ്യാപക-അനധ്യാപക നിയമനങ്ങള്‍ ഉടന്‍ അംഗീകരിച്ച് അധ്യാപകര്‍ക്ക് വേതനം ലഭ്യമാക്കാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് പുനപ്പരിശോധിക്കണം. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം പി.ഒ.സിയില്‍ നടന്ന വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരുടെ സമ്മേളനത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."