സഊദിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത എന്‍ജിനീയര്‍മാര്‍ കൗണ്‍സിലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്
ജിദ്ദ: എന്‍ജിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും സഊദി എന്‍ജിനീയറിങ്് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സഊദി മന്ത്രി സഭാ യോഗം നിര്‍ദേശം നല്‍കി. വിദേശികള്‍ക്ക് മാത്രം നിര്‍ബന്ധമായിരുന്ന രജിസ്‌ട്രേഷന്‍ ഇതോടെ സ്വദേശികള്‍ക്കും ബാധകമാകും. വ്യാജ എന്‍ജിനീയറിങ് ബിരുദധാരികള്‍ പെരുകിയതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഇതിനായി ആറ് മാസത്തെ സമയം കൂടി അനുവദിച്ചു. ഇതിന്റെ ഭാഗമായി വിദേശികളായ എന്‍ജിനീയര്‍മാര്‍ സഊദി എന്‍ജിനീയറിങ്് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാതെ താമസാനുമതി രേഖയായ ഇഖാമ പുതുക്കി നല്‍കില്ല. സ്വദേശി എന്‍ജിനീയര്‍മാര്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
വ്യാജ എന്‍ജിനീയര്‍മാര്‍ വ്യാപകമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ രജിസ്‌ട്രേഷന് അനുവദിക്കില്ല. മതിയായ യോഗ്യതയില്ലാത്ത എന്‍ജിനീയര്‍മാരുടെ സാന്നിധ്യം പദ്ധതികളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും മന്ത്രിസഭായോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ജലസംരക്ഷണത്തിനും മലിന ജല പുനരുപയോഗത്തിനും ഉളള മാര്‍ഗരേഖകള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഉപഭോക്തൃ സംരക്ഷണ സൊസൈറ്റിയെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇതില്‍ മൂന്നിലൊന്ന് അംഗങ്ങളെ ബോര്‍ഡും മൂന്നിലൊന്ന് അംഗങ്ങളെ പ്രധാനമന്ത്രിയും നിയമിക്കും. കിംഗ് ഫൈസല്‍ രാജ്യാന്തര പുരസ്‌കാരം നേടിയ സല്‍മാന്‍ രാജാവിനെ മന്ത്രിസഭ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."