എന്നുതീരും വിദ്യാര്‍ഥികളുടെ യാത്രാദുരിതം
കോഴിക്കോട്: 'എല്ലാരും കേറീട്ട് കേറ്യാ മതി... രണ്ട് രൂപ തന്ന് സീറ്റിലിരിക്കാന്‍ നീയാരാടി...' പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വൈകിട്ട് ബസില്‍ യാത്ര ചെയ്യുന്നവരുടെ കാതുകളില്‍ ഇടക്കിടെ മുഴങ്ങുന്ന ആക്രോശമാണിത്. ബസ് ജീവനക്കാരുടെ ക്രൗര്യവും അപകര്‍ഷതാബോധവും കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളിലെത്തേണ്ട വിദ്യാര്‍ഥികളുടെ മേല്‍ ചൊരിയുന്നത് ഒറ്റപ്പെട്ട സംഭവമല്ലെങ്കിലും അടുത്ത കാലത്തായി വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ മോശം സമീപനവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വാര്‍ത്തകള്‍ വര്‍ധിക്കുകയാണ്.
നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കണ്‍സഷന്‍ പ്രകാരം സൗജന്യ നിരക്കില്‍ യാത്ര ചെയ്യാമെന്നിരിക്കെ മിക്ക ബസ് ജീവനക്കാരും ഇതു തങ്ങള്‍ അവര്‍ക്കു നല്‍കുന്ന ഔദാര്യമായാണ് കണക്കാക്കുന്നത്. സീറ്റിലിരിക്കുന്ന വിദ്യാര്‍ഥികളെ എഴുന്നേല്‍പ്പിച്ചും ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ ദൂരസ്ഥലത്ത് നിര്‍ത്തിയും വിദ്യാര്‍ഥികളെ കയറ്റാതെയും കയറുന്നതിന് മുന്‍പ് ഇന്റര്‍വ്യു നടത്തിയും അപമര്യാദയായി പെരുമാറിയും ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരേ കാര്യമായ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ക്കും കഴിഞ്ഞിട്ടില്ല.
ഏറ്റവും ഒടുവിലായി രണ്ടു സംഭവങ്ങളാണ് ജീവനക്കാരുടെ ധിക്കാരവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്നുണ്ടായത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് അത്തോളി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതായിരുന്നു അതിലൊന്ന്. എന്നാല്‍ ഈ സംഭവത്തിന്റെ തുടര്‍ച്ചയായി കണ്ടക്ടറെ മര്‍ദിച്ചെന്നാരോപിച്ച് ബസ് ജീവനക്കാര്‍ രണ്ടുദിവസം ട്രിപ്പ് മുടക്കി സമരം നടത്തുകയും ചെയ്തു. രാമനാട്ടുകര ഇടിമുഴിക്കല്‍ ഭവന്‍സ് ലോ കോളജിലെ വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന ബസുകള്‍ തടഞ്ഞ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം ബസ് കയറ്റി അക്രമിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തയായിരുന്നു രണ്ടാമത്തേത്.
യാത്ര ആനുകൂല്യത്തിനു സമയപരിധി നിലവിലില്ലെങ്കിലും വൈകിട്ട് ആറിനുശേഷം ബസില്‍ മുഴുവന്‍ തുകയും ആവശ്യപ്പെട്ട് വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നിലും പൊലിസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ നിര്‍ത്താതെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചില സ്ഥലങ്ങളില്‍ ഹോംഗാര്‍ഡുകളെ നിയമിച്ചത് പ്രായോഗികമല്ലെന്നും വാദമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലയില്‍ ഉദ്ഘാടനം ചെയ്ത ഓപറേഷന്‍ 'സവാരിഗിരിഗിരി'യില്‍ ഉള്‍പ്പെടുത്തിയ ബസുകള്‍ പോലും പദ്ധതി പ്രകാരമുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നുവെന്ന ആക്ഷേപം ശക്തമാണ്. നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാന്യവും സുഖകരവുമായ യാത്ര ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ബസ് ഉടമകളുടെ സഹകരണത്തിലാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കിയത്.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ 200 സ്‌കൂളുകളിലെ കുട്ടികളെയും 250 ബസുകളെയും ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ പദ്ധതി വേണ്ടത്ര കാര്യക്ഷമമായി മുന്നോട്ടു പോയില്ല. വിദ്യാര്‍ഥികളുടെ യാത്ര ദുരിതം പരിഹരിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നത്. നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."