ബണ്ട് തകര്‍ന്ന് വെള്ളത്തിനടിയിലായത് 700 ഏക്കര്‍ നെല്‍കൃഷി
മാറഞ്ചേരി: ഇത്തവണയും പൊന്നാനിക്കോളിലെ നെല്‍കര്‍ഷകരുടെ കണ്ണീരിന് അറുതിയില്ല. കഴിഞ്ഞ ദിവസം മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ പരൂര്‍ കോള്‍പടവില്‍ ബണ്ട് തകര്‍ന്നതോടെ വെള്ളത്തിനടിയിലായത് 700 ഏക്കറിലധികം നെല്‍കൃഷിയാണ്.
ഞാറുനടീല്‍ പൂര്‍ത്തിയാക്കിയ സ്ഥലമാണ് വെള്ളത്തിനടിയിലായത്. നൂറടി തോട്ടിലെ വെള്ളത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നു പതിനഞ്ചു മീറ്ററിലധികം ബണ്ട് ഒലിച്ചുപോകുകയായിരുന്നു. ബണ്ട് പൊട്ടിയിടത്തു രണ്ടരയേക്കറിലധികം സ്ഥലം മണ്ണുവന്നു മൂടിയിട്ടുമുണ്ട്. ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വര്‍ഷംതോറുമുള്ള ബണ്ടു തകര്‍ച്ച നേരിടുന്നതിനായി സ്ഥിരം ബണ്ടിന്റെ നിര്‍മാണം നടന്നുവരുന്നുണ്ട്. എന്നാല്‍, അശാസ്ത്രീയമായ മീന്‍പിടുത്തമാണ് ബണ്ട് തകരാന്‍ പ്രധാന കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നൂറടി തോടിനു കുറുകെ ചീനല്‍ കെട്ടി മീന്‍പിടിക്കുന്നത് തോട്ടിലെ സ്വാഭാവിക ഒഴുക്ക് തടയാനും ഇതുമൂലം വെള്ളത്തിന്റെ സമ്മര്‍ദം കൂടാനും കാരണമാകുന്നുണ്ട്. കൃഷിയിടത്തിനടിയില്‍ കാണപ്പെടുന്ന പൂതച്ചേര്‍ നീങ്ങുന്നത് ബണ്ടില്‍ വിള്ളല്‍വരുത്തുകയും പിന്നീട് തകര്‍ച്ചയിലേക്കു നീങ്ങുകയും ചെയ്യുന്നു.
പ്രാദേശിക ഭരണകൂടങ്ങള്‍ ചീനല്‍ കെട്ടിയുള്ള മീന്‍പിടുത്തം നിരോധിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ പരിശോധനയുടെ കുറവു കാരണം ഇതു തുടരുകയാണ്. തോട്ടില്‍ പായല്‍ കെട്ടിനില്‍ക്കുന്നത് ഭീഷണിയായപ്പോള്‍ കര്‍ഷകര്‍ മുന്നിട്ടിറങ്ങി കഴിഞ്ഞ വര്‍ഷം ചീനലുകള്‍ നീക്കം ചെയ്തിരുന്നു. അധികൃതര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."