ജില്ലയില്‍ ചെങ്കണ്ണും വൈറല്‍ പനിയും പടരുന്നു
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം മൂലം ജില്ലയില്‍ ചെങ്കണ്ണ് രോഗവും വൈറല്‍ പനിയും പടരുന്നു. പകല്‍ കനത്ത ചൂടും രാത്രിയിലെ തണുപ്പുമാണ് രോഗം പടരാന്‍ കാരണം. വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശരീരവേദന, തലവേദന, വിട്ടുവിട്ടുള്ള പനി എന്നിവയെല്ലാം വൈറല്‍ പനിയുടെ ലക്ഷണങ്ങളാണ്.
വേനലിന്റെ തുടക്കത്തില്‍ തന്നെ ശുദ്ധജല ദൗര്‍ലഭ്യം കടുത്തതും പകര്‍ച്ച വ്യാധികള്‍ വരാന്‍ സാധ്യത ഏറെയാണ്. കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് ചെങ്കണ്ണ് വ്യാപിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തിയാല്‍ രോഗത്തെ തടയാനാകും.
ബാക്ടീരിയകളും, വൈറസുമാണ് രോഗം പടര്‍ത്തുന്നത്. ശൈത്യവും ചൂടും മാറിവരുന്ന കാലാവസ്ഥയായതിനാല്‍ ചെങ്കണ്ണും, വൈറല്‍പനിയും പടരാന്‍ അനുയോജ്യമായ ചുറ്റുപാടാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ചെങ്കണ്ണ് പോലുള്ള അസുഖങ്ങള്‍ ആളുകള്‍ സാധാരണ സ്വയം ചികിത്സയാണ് ചെയ്യുന്നത്.
അതിനാല്‍ വ്യക്തമായ കണക്ക് ആരോഗ്യവകുപ്പിന്റെ പക്കലില്ല. അണുബാധ, അലര്‍ജി, രാസവസ്തുക്കളുടെ സാന്നിധ്യം എന്നിവയാണ് ചെങ്കണ്ണിനുള്ള പ്രധാന കാരണങ്ങള്‍. ഇവയില്‍ അണുബാധ മൂലമുള്ള ചെങ്കണ്ണാണ് പകരുന്നത്. ചെങ്കണ്ണുബാധിച്ചയാളുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പകരുമെന്ന ധാരണ തെറ്റാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
രോഗബാധിതനായ ആളുടെ കണ്ണുനീര്‍ ഏതെങ്കിലും കാരണവശാല്‍ മറ്റുള്ളവരുടെ കണ്ണില്‍ പറ്റാന്‍ ഇടായാല്‍ മാത്രമെ രോഗം പകരൂ. കാലാവസ്ഥമാറ്റം മൂലം രോഗികള്‍ വഴിയല്ലാതെയും ചെങ്കണ്ണ് പിടിക്കാന്‍ ഇടയാക്കും. കുട്ടികള്‍ക്ക് അണുബാധ ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഒരു കണ്ണില്‍ തുടങ്ങുന്ന രോഗം ക്രമേണ രണ്ടുകണ്ണിലും വ്യാപിക്കുന്നു. നിസാരരോഗമെന്നു കരുതി സ്വയം ചികിത്സിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.
സാധാരണഗതിയില്‍ ഒരാഴ്ചകൊണ്ടു ഭേദംമാകുന്നതാണ് ചെങ്കണ്ണ്. എന്നാല്‍ വേണ്ട വിധത്തിലുള്ള പരിചരണവും ചികിത്സയും കിട്ടാത്ത പക്ഷം കാഴ്ചശക്തി വരെ നഷ്ടമാകാന്‍ ഇടയാകുമെന്ന് പ്രമുഖ നേത്രരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് തോമസ് സുപ്രഭാതത്തോട് പറഞ്ഞു.
നേത്രഗോളങ്ങള്‍ക്കു പുറത്തും കണ്‍പോളകള്‍ക്കുള്ളിലുമായി കാണപ്പെടുന്ന നേത്ര ആവരണമായ കണ്‍ജക്ടീവിലുണ്ടാകുന്ന രോഗമായതിനാല്‍ ചെങ്കണ്ണിനെ കണ്‍ജക്ടിവൈറ്റിസ് എന്നും വിളിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."