റേഷന്‍, പെന്‍ഷന്‍, പൊലിസ് രാജ്: യൂത്ത്‌ലീഗ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
പാലക്കാട്: ഇടതുസര്‍ക്കാരിന്റെ റേഷന്‍-പെന്‍ഷന്‍ അട്ടിമറിക്കും പൊലിസ് രാജിനുമെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. വിക്ടോറിയാ കോളജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചൂറ്റി കലക്ടറേറ്റ് പടിക്കല്‍ സമാപിച്ചു.
സിവില്‍ സ്റ്റേഷന് മുന്നില്‍ പൊലിസ് ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ചിനെ തടഞ്ഞു. കലക്ടറേറ്റ് പടിക്കല്‍ നടന്ന ധര്‍ണ യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് ഉദ്ഘാടനം ചെയ്തു. എല്ലാം ശരിയാക്കുമെന്ന് മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് സമദ് പറഞ്ഞു.
സാധാരണക്കാരന്റെ മൗലികാവകാശമായ ഭക്ഷണം നിഷേധിച്ചുകൊണ്ടാണ് ഇടതുസര്‍ക്കാര്‍ ഭരണം തുടങ്ങിവെച്ചിരിക്കുന്നത്. റേഷനും പെന്‍ഷനും ഒരുപോലെ അട്ടിമറിച്ച സര്‍ക്കാര്‍ അടിസ്ഥാന വിഭാഗങ്ങളെയാണ് വെല്ലുവിളിച്ചിരിക്കുകയാണ്. റേഷന്‍ സമ്പ്രദായത്തിലൂടെ സുഭിക്ഷമായി അരിയും മറ്റു സാധനങ്ങളും ലഭിച്ചിരുന്ന കേരളത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥ എല്ലാം തകിടംമറിച്ചിരിക്കുകയാണ്. റേഷന്‍ കാര്‍ഡ് പോലും എപ്പോള്‍ കിട്ടുമെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണ്. പിണറായിയുടെ പൊലിസ് മോദിയുടെ നയങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി രാജ്യദ്രോഹകുറ്റം ചുമത്താന്‍ വ്യഗ്രത കാണിക്കുന്ന പൊലിസ് സംസ്ഥാനത്ത് ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണെന്നും സമദ് പറഞ്ഞു.
സി.എ സാജിദ് അധ്യക്ഷനായി. വി.വി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ഗഫൂര്‍ കോല്‍ക്കളത്തില്‍ സ്വാഗതം പറഞ്ഞു. കളത്തില്‍ അബ്ദുല്ല, മരക്കാര്‍ മാരായമംഗലം, എം.എം ഹമീദ്, പി.എ തങ്ങള്‍, എന്‍.ഹംസ, കല്ലടി അബൂബക്കര്‍, കെ.കെ.എ അസീസ്, എം.എം ഫാറൂഖ്, പൊന്‍പാറ കോയക്കുട്ടി, ഇക്ബാല്‍ പുതുനഗരം, അഡ്വ.മുഹമ്മദലി മറ്റാംതടം, മാടാല മുഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."