ക്ഷേമ പെന്ഷന്: പരാതി പരിഹരിക്കാന്‍ നടപടി തുടങ്ങി
തിരുവനന്തപുരം: അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും ക്ഷേമപെന്ഷന് നല്കാന് നടപടി തുടങ്ങി. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ക്രിസ്മസിന് ക്ഷേമപെന്ഷന് ലഭിക്കാത്തവരുടെ വിവരങ്ങള്‍ പരിശോധിക്കും. ധനമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അര്‍ഹരായ ഒരാള്‍ക്കും പെന്ഷന് നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് യോഗം രൂപം നല്കി.
ക്ഷേമപെന്ഷന് വിതരണം കുറ്റമറ്റതാക്കാനാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. സാമൂഹിക സുരക്ഷാ പെന്ഷന് നല്കുന്ന 39,24,040 പേരില്‍ 33,59,262 പേരാണ് ഡിസംബര്‍ 20 വരെ നിര്‍ദിഷ്ട വിവരങ്ങള്‍ ലഭ്യമാക്കിയത്. ബാക്കിയുള്ള 5,64,778 പേരുടെ രേഖകള്‍ ലഭ്യമാവാന്‍ കാലതാമസം വരും എന്നതിനാല്‍, വിവരം നല്‍കിയവര്‍ക്ക് ക്രിസ്മസ് പുതുവര്‍ഷ വേളയില്‍ത്തന്നെ പെന്ഷന് നല്‍കുകയായിരുന്നു.
ഇതുവരെ രേഖകളും സത്യവാങ്മൂലവും നല്‍കിയിട്ടില്ലാത്തവര്‍ എത്രയും വേഗം അവ നല്‍കണം. പെന്ഷന് കിട്ടാത്തവരില്‍ 2,49,477 പേര് സത്യവാങ്മൂലം അപ്ലോഡ് ചെയ്യാനുള്ളവരാണ്. വിവരം നല്‍കിയവര്‍ക്കു പെന്ഷന് നല്‍കാനായി ക്ലോസ് ചെയ്തിരുന്ന വെബ്സൈറ്റ് വീണ്ടും തുറന്നിട്ടുണ്ട്. ശേഷിച്ചവര്‍ക്കും ഇനി സത്യവാങ്മൂലം അപ്ലോഡ് ചെയ്യാം.
ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ എല്ലാവര്ക്കും കുടിശ്ശിക സഹിതം പെന്ഷന് നല്‍കും.
പെന്‍ഷനിലെ ഇരട്ടിപ്പും അര്‍ഹതയും പരിശോധിക്കാന്‍ ആധാര്‍ നമ്പരുമായി ഒത്തു നോക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പെന്‍ഷനെ ആധാറുമായി ബന്ധപ്പെടുത്തരുതെന്നും തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഏതാണ്ടെല്ലാവര്‍ക്കും ആധാര്‍ ഉണ്ട് എന്നതിനാലാണിത്. ആധാര്‍ നമ്പര്‍ നല്‍കാത്ത 1,84,827 പേരുടെ പെന്ഷന് നല്‍കിയിട്ടില്ല. ആധാര്‍ നമ്പര്‍ നല്കുന്ന മുറയ്ക്ക് ഇവരില്‍ അര്‍ഹതയുള്ളവര്‍ക്ക് പെന്ഷന് നല്‍കും.
ഇ.പി.എഫ് പെന്‍ഷനും ക്ഷേമപെന്‍ഷനും ഒന്നിച്ചു വാങ്ങുന്ന 21171 പേര്‍ക്ക് ഇക്കുറി ക്ഷേമപെന്ഷന് നല്‍കിയിരുന്നില്ല.
ഇവര്‍ക്ക് ഇ.പി.എഫ് പെന്‍ഷനു പുറമെ ഒരു സാമൂഹിക സുരക്ഷാ പെന്‍ഷനോ ക്ഷേമപെന്‍ഷനോ കൂടി നല്‍കും. ആദായനികുതി നല്കുന്നവര്, സര്‍വിസ് പെന്‍ഷന്‍കാര്‍, രണ്ടേക്കറിലധികം ഭൂമിയുള്ളവര്‍, വിധവപെന്ഷന്ന് അര്ഹതയുണ്ടായിരിക്കേ പുനര്‍വിവാഹം ചെയ്തവര്‍ എന്നിങ്ങനെയുള്ള 27,687 പേരുടെ സാമൂഹിക സുരക്ഷാ പെന്‍ഷനുകളാണ് മാറ്റിവച്ചിട്ടുള്ളത്.
ഇക്കാര്യത്തില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തില്‍ പരാതി നല്‍കാം. സമയബന്ധിതമായി അദാലത്തു നടത്തി ഇതില്‍ തീര്‍പ്പാക്കും. അര്‍ഹരായ ആര്‍ക്കും പെന്ഷന് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് യോഗത്തിനുശേഷം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."