പള്ളിക്കര ആനക്കുഴി തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്ത്
പയ്യോളി: നൂറകണക്കിന് കുടുംബങ്ങളുടെ കുടിനീരിന് ആശ്രയമായ പള്ളിക്കര ആനക്കുഴിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പ്രദേശവാസികള്‍ രംഗത്തിറങ്ങി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പമ്പ് ഹൗസും മോട്ടോര്‍ സൗകര്യവുമൊക്കെ അധികൃതരുടെ ഇടപെടലുകള്‍ ഇല്ലാതായതോടെ എല്ലാം സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ച നിലയിലായിരുന്നു.
മൂടാടി പഞ്ചായത്തിന്റെ പല ഭാഗങ്ങളില്‍നിന്നും തിക്കോടി അരീക്കരത്തോട് വഴി എത്തുന്ന വെള്ളം ആനക്കുഴിയിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. ഇവിടെ നിന്നും കോയിത്തനാരി, കുണ്ടന്‍പാത്തി, പൊന്നാമി തോട് വരെയെത്തി കനയ്യരാണി വഴി അകലാപുവയിലേക്കായിരുന്നു ഒഴുകിയിരുന്നത്. കോയിത്തനാരി, പൊന്നാരി, ഉരൂക്കര ഭാഗങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷി ഭൂമിയിലേക്ക് വെള്ളം എത്തിയിരുന്നത് ഇവിടെനിന്നായിരുന്നു. കൊടുംവേനലില്‍ സമീപ പ്രദേശത്തെ കിണറുകളെ ജലസ്രോതസുകളാക്കി മാറ്റിയിരുന്നത് ഈ തണ്ണീര്‍ത്തടം തന്നെയായിരുന്നു. ദൂരെദിക്കുകളില്‍ നിന്നൊക്കെ കളിക്കാനും ഉല്ലസിക്കാനും നീന്തല്‍ പഠിക്കാനും ആളുകള്‍ സംഘടിതമായിട്ടായിരുന്നു ഇവിടെ എത്തിയിരുന്നത്.
പണ്ടുകാലങ്ങളില്‍ പന്തലായനി ഭാഗങ്ങളില്‍നിന്നും കിഴക്കന്‍ പ്രദേശങ്ങളിലേക്ക് ചരക്ക് ഗതാഗതത്തിന് ഇതുവഴിയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. 15 സെന്റിലധികം വിസ്തീര്‍ണമുള്ള ആനക്കുഴിയും പരിസരത്തെ കൈത്തോടുകളും ചെളിനിറഞ്ഞ് നികന്നിരിക്കുകയാണ്. മെഷീന്‍ ഉപയോഗിച്ച് കുഴിയെടുത്ത് ചെളി ഒഴിവാക്കി തോടിന്റെ ഇരുഭാഗത്തും പൊതിഞ്ഞ് സംരക്ഷണഭിത്തി നിര്‍മിക്കുകയാണിവിടെ വേണ്ടത്. കഴിഞ്ഞ ദിവസം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുളത്തില്‍ നിന്നും പരിസരത്തെ തോടുകളില്‍ നിന്നും ചെളിയും പായലുകളുമൊക്കെ നീക്കം ചെയ്തിരുന്നു.
ശുചീകരണ പ്രവര്‍ത്തനത്തിനിടയില്‍ നൂറുകണക്കിന് മദ്യകുപ്പികളാണ് കുളത്തില്‍നിന്നും തോടുകളില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളത്. ഈ പ്രദേശത്ത് വൈകിട്ട് സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടമാണെന്നും മദ്യവില്‍പന നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. ആനക്കുഴിയുടെ സംരക്ഷണത്തിന് ശക്തമായ ഇടപെടലുകള്‍ ഭരണകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകണമെന്നും പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."