സ്വപ്‌നം സഫലമായി; ഇടവെട്ടി പ്രതീക്ഷാനഗറിലെ വീടുകള്‍ക്ക് മുമ്പില്‍ ഇനി വാഹനമെത്തും
ഇടവെട്ടി: ഇടവെട്ടി പ്രതീക്ഷാ നഗറിലെ ഒമ്പത് കുടുംബങ്ങള്‍ അരനൂറ്റാണ്ടായി കാണുന്ന ഒരു സ്വപ്നമുണ്ടായിരുന്നു. സ്വന്തം വീട്ടുമുറ്റത്ത് വാഹനമെത്തുന്ന മുഹൂര്‍ത്തം. ആ സ്വപ്നം സഫലമായതിന്റെ ആഹ്ലാദനിമിഷത്തിന് സാക്ഷിയാകാന്‍ വൈദ്യുതി മന്ത്രി എം.എം മണി കൂടി എത്തിയതോടെ ഈ കുടുംബങ്ങള്‍ക്കൊപ്പം നാട്ടുകാരും ആ സന്താഷം പങ്കിട്ടു.
ഇടവെട്ടി ചിറ റോഡിലേക്കുള്ള ഇടവഴിയാണ് വാര്‍ഡ് മെമ്പര്‍ ടി.എം മുജീബിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ റോഡാക്കി മാറ്റിയത്. കുത്തനെ കയറ്റവും ഇറക്കുവുമുള്ള റോഡ് വാഹനഗതാഗതത്തിന് യോഗ്യമാക്കാന്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യേണ്ടിവന്നു.
പഞ്ചായത്തില്‍നിന്ന് റോഡ് നിര്‍മാണത്തിനായി രണ്ട് ലക്ഷം രൂപയുടെ സാധന സാമഗ്രികളാണ് വാങ്ങി നല്‍കിയത്. പലയിടത്തും ഇടവഴിക്ക് ആവശ്യത്തിന് വീതി ലഭിക്കുന്നതിന് അവിടം മണ്ണിട്ട് ഉയര്‍ത്തേണ്ടിവന്നു. ഉദ്യമവുമായി സഹകരിച്ചവര്‍ സ്ഥലം വിട്ടുനല്‍കാനും തയ്യാറായി. ആറുദിവസംകൊണ്ട് റോഡിന്റെ കോണ്‍ക്രീറ്റിങ് ഒഴികെയുള്ള പണികള്‍ പൂര്‍ത്തിയായി. ഗുണഭോക്താക്കളും തൊഴിലുറപ്പ് തൊഴിലാളികളും ഇതിനായി രാപ്പകല്‍ അധ്വാനിച്ചു. 144 തൊഴില്‍ദിനങ്ങളാണ് പ്രാരംഭജോലികള്‍ക്ക് വേണ്ടിവന്നത്. രണ്ടാം ഘട്ടമായാണ് കോണ്‍ക്രീറ്റ് ജോലികള്‍ നിര്‍വഹിച്ചത്.
ഇതിന് വിദഗ്ധ തൊഴിലാളികളുടേതടക്കം 36 തൊഴില്‍ദിനങ്ങള്‍ വേണ്ടിവന്നു.പുതിയ റോഡ് ഇടവെട്ടിച്ചിറ റോഡിലേക്ക് തുറക്കുന്ന ഭാഗത്ത് സ്ഥാപിച്ച ഫലകം അനാഛാദനം ചെയ്ത് മന്ത്രി എം.എം മണി ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവെട്ടി ടൗണില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അധ്യക്ഷനായി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ പി.പ്രകാശ്, സിബി ജോസ്, ഇ.കെ അജിനാസ്, സീന നവാസ്, ഷീല ദീപു, പഞ്ചായത്ത് സെക്രട്ടറി എം.സി അനില്‍കുമാര്‍, ടി.കെ ശിവന്‍നായര്‍, പി.ആര്‍ ജിജിമോന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."