എസ്.പിയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ആര്‍.എല്‍.ഡി
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിലെ വിശാല സഖ്യത്തെ തള്ളി രാഷ്ട്രീയ ലോക് ദള്‍ അധ്യക്ഷന്‍ അജിത് സിങ്. യു.പിയിലെ ശക്തമായ പ്രാദേശിക പാര്‍ട്ടിയായ ആര്‍.എല്‍.ഡി, സമാജ്‌വാദി പാര്‍ട്ടിയുമായി സീറ്റ് ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സഖ്യത്തിനില്ലെന്ന് പ്രഖ്യാപിക്കുന്നത്. സീറ്റ് വിഭജന ചര്‍ച്ചയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് സഖ്യത്തിനില്ലെന്ന് അജിത് സിങ് വ്യക്തമാക്കിയത്. തങ്ങളെ തഴഞ്ഞതിന് കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പും ആര്‍.എല്‍.ഡി നല്‍കുന്നുണ്ട്.
ജെ.ഡി.യു, ആര്‍.ജെ.ഡി എന്നിവയും ചേര്‍ന്നുള്ള ബിഹാര്‍ മോഡല്‍ മഹാസഖ്യത്തിനായിരുന്നു ഉത്തര്‍പ്രദേശില്‍ ശ്രമം തുടങ്ങിയിരുന്നത്. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ച പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നീങ്ങിയതോടെയാണ് സഖ്യസാധ്യതകള്‍ മങ്ങിയത്. ബി.ജെ.പി, ബി.എസ്.പി എന്നിവയെ തടയിടുകയായിരുന്നു മഹാസഖ്യത്തിലൂടെ യു.പിയില്‍ ലക്ഷ്യം വച്ചിരുന്നത്.
സമ്മര്‍ദ്ദ തന്ത്രത്തിലൂടെ 35 സീറ്റുകളെങ്കിലും നേടാനായിരുന്നു ആര്‍.എല്‍.ഡി ലക്ഷ്യം വച്ചിരുന്നത്. യു.പിയിലെ ജാട്ട് സമുദായത്തിനിടയില്‍ ശക്തമായ വോട്ട് ബാങ്കുള്ള ആര്‍.എല്‍.ഡി സീറ്റ് വിതരണത്തിലെ ഭിന്നത മൂലമാണ് സഖ്യത്തിനില്ലെന്ന് തീരുമാനിച്ചതെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."