ജനപ്രതിനിധികളും പൊലിസും ചേറ്റുവ പാലത്തില്‍ സന്ദര്‍ശനം നടത്തി
ചാവക്കാട്: ആധുനിക രീതിയിലുള്ള ടാറിങ് മൂലം അപകടം പതിവായ ചേറ്റുവ പാലത്തില്‍ ജനപ്രതിനിധികളും പൊലിസും സന്ദര്‍ശനം നടത്തി. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ചാക്കോ, ചാവക്കാട് സി.ഐ എ.ജെ ജോണ്‍സണ്‍, എസ്.ഐ എം.കെ രമേഷ്, ഒരുമനയൂര്‍ പഞ്ചായത്ത് അംഗങ്ങളായ ഹംസക്കുട്ടി, പി.പി മൊയ്‌നുദ്ദീന്‍ എന്നിവരാണ് ചേറ്റുവ പാലം സന്ദര്‍ശിച്ച് അപകടം തുടര്‍ക്കഥയായതിന്റെ കാരണങ്ങളും പരിഹാരങ്ങളും കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിയുകയും കെ.എസ്.ആര്‍.ടി.സി ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി കൈവരികള്‍ ഇടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
സന്ദര്‍ശനത്തിനു ശേഷം സി.ഐ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദേശീയപാത ഉദ്യോഗസ്ഥരും പങ്കെടുത്തു. പാലത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്നു പോകുന്നത് പതിവായപ്പോഴാണ് ആധുനിക സംവിധാനങ്ങളോടെ ടാറിങ് നടത്താന്‍ തീരുമാനിച്ചതെന്നും കൂടുതല്‍ കാലം നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ആധുനിക സംവിധാനങ്ങളോടെ ടാറിങ് നടത്തിയതെന്നും ദേശീയപാത ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, നിര്‍മാണം കഴിഞ്ഞതോടെ ചെറിയ ചാറ്റല്‍ മഴയില്‍ പോലും ഇതു വഴി പോകുന്ന വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നിമാറുന്നത് പതിവായിരിക്കുകയായാണ്.
റോഡിന് കൂടുതല്‍ വര്‍ഷം കിട്ടുമെങ്കിലും ജനങ്ങളുടെ ആയുസ് കുറവായിരിക്കുമെന്നും എസ്.ഐ എം.കെ രമേഷ് പറഞ്ഞു. റോഡിലെ വഴുക്കലിന് പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം വന്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പൊലിസ് യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. റോഡില്‍ താല്‍ക്കാലികമായി ഹംമ്പ് നിര്‍മിക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."