ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിക്ക് മരിക്കും മുമ്പ് മര്‍ദനമേറ്റിരുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം വിവാദങ്ങള്‍ പുകയുന്നതിനിടെ അന്വേഷണ സംഘം മേധാവി കിരണ്‍ നാരായണനും സംഘവും ജിഷ്ണുവിന്റെ നാദാപുരത്തുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ഇന്നലെ രാവിലെ 11 ഓടെയാണ് എ.എസ്.പി യും സംഘവും വീട്ടിലെത്തിയത്. മടങ്ങിയെത്തിയ ശേഷം നെഹ്‌റു കോളജ് പ്രിന്‍സിപ്പലിനെയും ചോദ്യം ചെയ്തതായി സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇതേവരെ കോളജിലെ 175 വിദ്യാര്‍ഥികളടക്കം 220 പേരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ള നാല് മുറിവുകളാണ് പൊലിസിനെ കുഴക്കുന്നത്. മുഖത്ത് മേല്‍ച്ചുണ്ടിലും കീഴ്ച്ചുണ്ടിലും മറ്റുമായേറ്റ മുറിവുകള്‍ സമാന സ്വഭാവമുള്ളവയാണ്. കഴുത്തില്‍ കണ്ടെത്തിയ മുറിവ് കുരുക്ക് മുറുകിയപ്പോള്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്ന ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ നിലപാട് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതക്കു വേണ്ടി ഫോറന്‍സിക് വിഭാഗവുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തിയേക്കും.
അതേസമയം, ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിലെ ചുമരില്‍ തുണികള്‍ തൂക്കിയിടുന്ന ഹുക്കിലാണ് ജിഷ്ണുവിന്റെ മൃതദേഹം തൂങ്ങിക്കിടന്നിരുന്നത് എന്നതും ദുരൂഹതയുണ്ടാക്കുന്നു. ഉറപ്പില്ലാത്ത നേരിയ ഹുക്കില്‍ കാല്‍ നിലത്തു കുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ജിഷ്ണു ആത്മഹത്യ ചെയ്ത മുറി പൂട്ടി സീല്‍ ചെയ്‌തെങ്കിലും മൂന്ന് താക്കോലുള്ളതില്‍ ഒന്ന് മാത്രമാണ് പൊലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുള്ളത്. മറ്റ് രണ്ട് താക്കോലുകളില്‍ ഒരെണ്ണം മാനേജ്‌മെന്റിന്റെ കൈവശവും മറ്റൊന്ന് വാര്‍ഡന്റെ കൈയിലുമാണെന്ന് സൂചനയുണ്ട്. ഇതും സംശയങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."