കെ.എസ്.ആര്.ടി.സി ട്രാവല്‍ കാര്‍ഡ് 24 മുതല്‍
കോഴിക്കോട്: സ്ഥിരം യാത്രക്കാരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്.ടി.സി പുതുതായി ആരംഭിക്കുന്ന പ്രതിമാസ സീസണ് യാത്രാ കാര്‍ഡ് സംവിധാനം 24 മുതല്‍ നിലവില്‍ വരും.
നേരത്തെ 19 ന് വിതരണം ചെയ്യാനായിരുന്നു തീരുമാനം. വകുപ്പ് തലങ്ങളിലെ സാങ്കേതിക കാരണത്താല്‍ വിതരണം നീട്ടിവയ്ക്കുകയായിരുന്നു. ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
വിവിധ ജില്ലകളിലെ ഡിപ്പോകളിലേക്ക് കാര്‍ഡുകളുടെ വിതരണം ഇതിനോടകം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. യാത്രകളില്‍ ടിക്കറ്റ് എടുക്കാതെ വ്യത്യസ്ത തുകകള്‍ക്കുള്ള നാലുതരം പ്രതിമാസ പാസുകളാണ് ലഭ്യമാക്കുക. മുന്‍കൂട്ടി പണമടച്ച് വാങ്ങുന്ന കാര്‍ഡുപയോഗിച്ച് പരിധിയില്ലാതെ യാത്രചെയ്യാന്‍ സാധിക്കും. ഒരു മാസമാണ് കാര്‍ഡിന്റെ കാലാവധി.
കാലാവധി കഴിഞ്ഞാല്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് ഇത് പുതുക്കാം. കെ.എസ്.ആര്.ടി.സി ഡിപ്പോകളിലെ കാഷ്കൗണ്ടറില്‍ നിന്ന് കാര്‍ഡുകള്‍ വാങ്ങാം.
കണ്ടക്ടര്‍ യാത്രാകാര്‍ഡിന്റെ നമ്പരും ഇറങ്ങേണ്ട സ്റ്റോപ്പിന്റെ ഫെയര്‍ സ്റ്റേജും ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനില്‍ രേഖപ്പെടുത്തും.
ആയിരം രൂപയുടെ ബ്രോണ്‍സ് കാര്‍ഡുകള്‍ ജില്ലയ്ക്കുള്ളിലെ സര്‍വിസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വിസുകളില്‍ ഉപയോഗിക്കാം.
സിറ്റി സര്‍വിസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ജന്റം നോണ്‍ എ.സി ബസുകളില്‍ 1500 രൂപയുടെ സില്‍വര്‍ കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം.
3000 രൂപയുടെ ഗോള്‍ഡ് കാര്‍ഡുകാര്‍ക്ക് സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റി, സിറ്റി ഫാസ്റ്റ്, ജന്റം നോണ്‍ എ.സി ബസുകളില്‍ യാത്രചെയ്യാം. ജന്റം എ.സി, ജന്റം നോണ്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, സിറ്റി സര്‍വിസ്, സിറ്റി ഫാസ്റ്റ് ബസുകളില്‍ 5000 രൂപയുടെ പ്രീമിയം കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."