'മേരി കോം' ഇടിച്ചു നേടി ഒന്നാം സ്ഥാനം
കണ്ണൂര്‍: നെയ്യാറിലെ വേദിയെ ഇടിക്കൂടാക്കി 'മേരി കോം' നേടിയത് നീണ്ട കരഘോഷവും പിന്നെ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബോക്‌സിങ് താരമായ മേരികോമിന്റെ ജീവിതം കോഴിക്കോടു നിന്നെത്തിയ ഉണ്ണിമായ എന്ന പന്ത്രണ്ടാം ക്ലാസുകാരിയാണ് സദസ്യര്‍ക്കു പകര്‍ന്നു നല്‍കിയത്.
ഒരു കൈയ്യില്‍ പ്രതിരോധവും മറു കൈയ്യില്‍ താരാട്ടു പാടുന്ന അമ്മയായും മേരികോമിന്റെ ജീവിതം ഉണ്ണിമായ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നു. ആണിന്റെ കരുത്തുള്ള മേരികോമായി ഉണ്ണിമായ മാറിയപ്പോള്‍ കാണികളുടെ ആര്‍പ്പുവിളികള്‍ സ്‌റ്റേഡിയം പവലിയനിലേതുപോലായി.
കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഉണ്ണിമായ. സംസ്ഥാന കലോത്സവത്തില്‍ ഇതു രണ്ടാം തവണയാണ് മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടുന്നത്. ജില്ലാ തലത്തില്‍ ഇത്തവണ 'ശൂ' എന്ന നാടകത്തിലെ മാമ്പൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനു മികച്ച നടിയായും തെരഞ്ഞെടുത്തിരുന്നു. അധ്യാപകരായ മുരളീധരന്റെയും അജിതയുടെയും മകളാണ്. സഹോദരന്‍ ഉണ്ണികൃഷ്ണന്‍ 2010ല്‍ സംസ്ഥാന തലത്തിലെ മികച്ച നടനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."