പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഡിജിറ്റലാകുന്നു പൊലിസിന്റെ ഇ.വി.ഐ.പി പദ്ധതി ഉടന്‍
തിരുവനന്തപുരം: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് സംസ്ഥാന വ്യാപകമായി പൊലിസിന്റെ മൊബൈല്‍ ആപ്പ് വരുന്നു. ഇ.വി.ഐ.പി എന്ന് പേരിട്ട ഈ മൊബൈല്‍ ആപ്പ് പദ്ധതിക്ക് ഈ മാസം തുടക്കം കുറിക്കും. ഇതോടെ നിലവിലുള്ള 21 ദിവസം എന്നത് നാലു ദിവസമായി ചുരുങ്ങിയേക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ നടപ്പിലാക്കിയത് വിജയം കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കാന്‍ പൊലിസ് തീരുമാനിച്ചത്. കഴിഞ്ഞ നവംബറിലാണ് മലപ്പുറത്ത് ഈ പദ്ധതി നടപ്പിലാക്കിയത്. ഇവിടെ ഏഴു ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. തെലങ്കാന മോഡലിലാണ് കേരളത്തിലും നടപ്പിലാക്കുന്നത്. തെലങ്കാനയില്‍ വെരിഫാസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പ് അഞ്ചു ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കുന്നു. അത് കേരളത്തില്‍ നാലു ദിവസം കൊണ്ടു പൂര്‍ത്തിയാക്കാനാണ് ശ്രമം.
പാസ്‌പോര്‍ട്ട് ഓഫിസില്‍നിന്നു വെരിഫിക്കേഷനുള്ള അപേക്ഷ ലഭിച്ചാല്‍ ഉടന്‍ ഇ.വി.ഐ.പി വെബ് ആപ്ലിക്കേഷന്‍ വഴി ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കൈമാറും. ഒരു ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കി ഫയല്‍ ഡിജിറ്റലായി ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന് കൈമാറും. ഇവിടെനിന്നു ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫിസര്‍ക്ക് ഫയല്‍ മൊബൈല്‍ ആപ്പില്‍ കൈമാറും. ഇവര്‍ അപേക്ഷകന്റെ വീടുകളിലെത്തി പാസ്‌പോര്‍ട്ട് ഓഫിസില്‍ സമര്‍പ്പിച്ച രേഖകളുടെ ഒറിജിനലും, ഒപ്പും പരിശോധിച്ച് മൊബൈല്‍ ആപ്പ് വഴി ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിനു ഡിജിറ്റലായി കൈമാറും. ഇവിടെനിന്ന് സ്‌പെഷല്‍ ബ്രാഞ്ച് പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് ഫയല്‍ കൈമാറും.
നാലു ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പൊലിസിന്റെ കണക്കുകൂട്ടല്‍. മൊബൈല്‍ ആപ്പ് സമയം ലാഭിക്കുന്നത് മാത്രമല്ല അപേക്ഷകനെ പൊലിസ് സ്റ്റേഷനില്‍ പരിശോധനക്ക് വിളിപ്പിച്ചിട്ടില്ലെന്നു ഉറപ്പുവരുത്തുകയും അപേക്ഷകന്റെ താമസസ്ഥലത്തേക്ക് പൊലിസുകാര്‍ പോകുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു. 'സിഗ്‌നേച്ചറേഷന്‍ പരിശോധന ജി.പി.എസ് വഴിയാണ്. അതിനാല്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫിസര്‍ അപേക്ഷകന്റെ വീട്ടില്‍ പോയിട്ടുണ്ടോ എന്നത് പരിശോധിച്ചുറപ്പാക്കാം. കൂടാതെ പരിശോധനക്ക് അയക്കുന്ന ഫയലിലെ 15 ഡിജിറ്റ് ഫയല്‍ നമ്പര്‍ ഉണ്ടാകും.
ഇത് വച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വെരിഫിക്കേഷന് പോയ ഫയല്‍ ആരുടെ പക്കലെത്തി എന്ന് കണ്ടെത്താനും കഴിയും. മലപ്പുറത്ത് പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍പ് 2015ല്‍ തൃശൂര്‍ ജില്ലയില്‍ ആര്‍. നിശാന്തിനി എസ്.പിയായിരുന്നപ്പോള്‍ നടപ്പിലാക്കി വിജയം കണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."