മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടല്‍; മുഖ്യമന്ത്രിയുടെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് രമേശ് ചെന്നിത്തല
മനാമ: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പുറത്തുവിടാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബഹ്‌റൈനിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
വിവരാവകാശത്തിന്റെ പരിധിയില്‍ നിന്നു മന്ത്രിസഭാ തീരുമാനങ്ങളെ ഒഴിവാക്കണമെന്ന കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരുവിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശനം കോടതി അലക്ഷ്യമാണ്.
കലോല്‍സവ വേളയില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉണ്ടായ ദാരുണമായ കൊലപാതകം അക്രമ രാഷ്ട്രീയത്തിനു തടയിടാന്‍ കഴിയുന്ന വിധം പൊലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നില്ല എന്നതിനു തെളിവാണ്. ഇത്തരം സംഭവത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും സി.പി.എമ്മും തുല്ല്യ പങ്കാളികളാണ്. ഇത്രയും ഭയ വിഹ്വലമായ അന്തരീക്ഷത്തില്‍ ഒരു സ്‌കൂള്‍ മേള നടന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. മുഖം നോക്കാതെ നടപടി എടുക്കുന്നതില്‍ കണ്ണൂരില്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടിരിക്കുകയാണ്.
എട്ടുമാസമായി പ്രവാസി വകുപ്പില്‍ ഒരു കാര്യവും നടന്നിട്ടില്ല. നോര്‍ക്കാ വകുപ്പുപോലും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. മുഖ്യമന്ത്രി പ്രവാസി വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വോട്ട് അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
യു.എ.പി.എ ദുരുപയോഗമടക്കം പൊലീസ് നയം അങ്ങേയറ്റം അപകടകരമായിരിക്കുന്നു. യു ഡി എഫിന്റെ കാലത്തു മതപ്രചാരണം നടത്തിയതിന്റെ പേരില്‍ ഒരാളുടെ പേരിലും യു എ പി എ ചുമത്തിയിട്ടില്ല. വര്‍ഗീയ പ്രസ്താവന നടത്തിയ ബി ജെ പി നേതാവ് എ.എന്‍ രാധാകൃഷ്ണനെതിരെ യു എ പി എ ചുമത്താന്‍ ധൈര്യമില്ല.
എം ടി ക്കും കമലിനും എതിരായി ബി ജെ പി നടത്തിയ പ്രസ്താവനകള്‍ ഫാസിസത്തിന്റെ ശബ്ദമാണ്. സക്കറിയക്കും സി ആര്‍ നീലകണ്ഠനും എതിരെ സി പി എം മുമ്പു നടത്തിയതും സമാനമായ നീക്കമായിരുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ഒ ഐ സി സി നേതാക്കളായ രാജുകല്ലുമ്പുറം, ബിനു കുന്നന്താനം എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."