വിവരാവകാശ നിയമം അട്ടിമറിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു: സുധീരന്
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. മോദി സര്‍ക്കാരിനെതിരേ എ.ഐ.സി.സി ദേശവ്യാപകമായി പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായി ഇന്ദിരാഭവനില്‍ ജന്‍വേദന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മുഴുവന്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചിരിക്കുന്നത്.
തീരുമാനങ്ങള്‍ പുറത്തറിഞ്ഞാല്‍ എന്താണ് പ്രശ്നമെന്നും സുധീരന് ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ഇത് സംബന്ധിച്ച് ചെറിയ ആശയകുഴപ്പമുണ്ടായപ്പോള് മന്ത്രിസഭാ വിവരങ്ങള്‍ അറിഞ്ഞാല്‍ ജനം സര്‍ക്കാരിനെ അടിച്ച് പുറത്താക്കുമെന്നാണ് പിണറായി വിജയന് അന്ന് പറഞ്ഞത്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് ഇതാണോയെന്ന് വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാരും വിവരാവകാശ നിയമം അട്ടിമറിക്കുകയാണ്. നോട്ട് റദ്ദാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും മറുപടി ലഭിക്കുന്നില്ല.
ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന അതേ അവകാശമാണ് സാധാരണക്കാരനും വിവരാവകാശ നിയമത്തിലൂടെ കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."