കേന്ദ്രം ഫണ്ട് നല്‍കുന്നില്ല: നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു
മലപ്പുറം: ഫണ്ട് ലഭ്യമാക്കുന്നതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവംമൂലം നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയായ നാഷണല്‍ ഫാമിലി ബെനിഫിറ്റ് സ്‌കീം (എന്‍.എഫ്.ബി.എസ്) അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പദ്ധതിക്ക് അപേക്ഷ നല്‍കിയ ആയിരക്കണക്കിനു പേര്‍ക്കാണ് ധനസഹായം നിഷേധിക്കപ്പെടുന്നത്.
ജില്ലയില്‍ മുവായിരത്തോളം അപേക്ഷകരാണ് സ്‌കീം മുഖേന ലഭിക്കേണ്ട ധനസഹായവും കാത്തിരിക്കുന്നത്. എന്നാല്‍, 2014 മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളില്‍ ഇപ്പോള്‍ പണം ലഭിക്കുന്നില്ല. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതലാണ് ഫണ്ടില്ലെന്ന പേരുപറഞ്ഞ് എന്‍.എഫ്.ബി.എസ് പദ്ധതി മുടക്കിയത്. ഇതുമൂലം ആയിരക്കണക്കിനു സാധാരണക്കാരാണ് വലയുന്നത്.
കുടുംബത്തിന്റെ അത്താണിയായ സ്ത്രീയോ പുരുഷനോ മരണപ്പെട്ടാല്‍ 20,000 രൂപവരെ ലഭിക്കുന്നതായിരുന്നു പദ്ധതി. 1995ലാണ് എന്‍.എഫ്.ബി.എസ് പദ്ധതിക്കു തുടക്കമായത്. അയ്യായിരം രൂപയായിരുന്നു പദ്ധതിവഴി നല്‍കിവന്നിരുന്നത്. 2012ല്‍ ഇത് 20,000 രൂപയായി വര്‍ധിപ്പിച്ചു. എന്നാല്‍, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്ന പദ്ധതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കു പണം എന്നു ലഭ്യമാകുമെന്ന ചോദ്യത്തിന് അധികൃതര്‍ കൈമലര്‍ത്തുകയാണ്.
ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കാണ് പദ്ധതിവഴി സഹായധനം ലഭിച്ചിരുന്നത്. കുടുംബത്തില്‍ അത്താണിയായവര്‍ പെട്ടെന്നു മരണപ്പെട്ടാല്‍ ഇതിന് അപേക്ഷിക്കാം. വില്ലേജ് ഓഫിസിലാണ് അപേക്ഷ നല്‍കേണ്ടത്. എന്‍.എഫ്.ബി.എസ് പദ്ധതിയില്‍ 20,000 രൂപയാണ് ലഭിക്കുക. മരണപ്പെട്ട് ഒരു മാസത്തിനകം അപേക്ഷിക്കുന്നവര്‍ക്കാണ് മുന്‍ഗണന. എന്നാല്‍, ഇതു കഴിഞ്ഞവരേയും വൈകിയ അപേക്ഷ എന്ന രീതിയില്‍ പരിഗണിക്കുന്നുണ്ട്.
ഒരു മാസത്തിനുള്ളില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് ആദ്യം പണം ലഭിക്കുക. വില്ലേജ് ഓഫിസര്‍ക്ക് ലഭിക്കുന്ന അപേക്ഷ പരിശോധനകള്‍ക്കു ശേഷം താലൂക്കിലേക്ക് കൈമാറും. തുടര്‍ന്നാണ് അപേക്ഷ കലക്ടറേറ്റിലെ സാമൂഹ്യനീതി വകുപ്പിന് കൈമാറ്റം ചെയ്യുക. ജില്ലയിലെ താലൂക്കുകളില്‍നിന്നു ക്രോഡീകരിച്ച അപേക്ഷകള്‍ തിരുവനന്തപുരത്തെ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഓഫിസിലേക്ക് നല്‍കും. ഫണ്ട് ലഭ്യമാകുന്നമുറയ്ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്കോ ചെക്കായിട്ടോ ആണ് പണം ലഭിക്കുക. 2014 മുതലുള്ള അപേക്ഷകര്‍ക്കാണ് ഇനി തുക ലഭിക്കാനുള്ളത്. ഇതില്‍ ഒരു മാസത്തിനകം അപേക്ഷിച്ചവരും താമസിച്ച് അപേക്ഷിച്ചവരുമുണ്ട്. പണം ലഭ്യമാകുന്നില്ലെങ്കിലും എന്‍.എഫ്.ബി.എസ് പദ്ധതിക്ക് ഇപ്പോഴും ധാരാളം പേര്‍ അപേക്ഷ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."