പണം നേരിട്ടുനല്‍കി ഭൂമി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്് പിടി വീഴും
മലപ്പുറം: പണം നേരിട്ടുനല്‍കി ഭൂമി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്് പിടി വീഴും. ആദായ നികുതി നിയമം കാറ്റില്‍പ്പറത്തി ഭൂമി ഇടപാടുകള്‍ നടത്തിയവര്‍ക്കാണ് വന്‍ തുക ഒടുക്കേണ്ടിവരിക. ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ ആദായ നികുതി വകുപ്പ് നടപടി തുടങ്ങി.
2015 ജൂണ്‍ ഒന്നിന് ശേഷം നടന്ന ഭൂമി രജിസ്‌ട്രേഷനുകള്‍ക്കാണ് നടപടി വരിക. ഇടപാടുകളില്‍ നോട്ടു നേരിട്ട് നല്‍കി ഭൂമി കൈമാറ്റം നടത്തിയവര്‍ ഇടപാടിനുപയോഗിച്ച പണം കൃത്യമായ രേഖകളില്ലാത്തതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം.
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്.എസ് ഭേദഗതി അനുസരിച്ച് ഇരുപതിനായിരം രൂപക്കുമേല്‍ ഇടപാട് നടത്തുന്നവര്‍ ചെക്ക്, ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് ട്രാന്‍സാക്ഷന്‍ എന്നിവ ഉപയോഗിക്കണമെന്നാണ് ചട്ടം. വീട്, ഭൂമി, ഫ്‌ളാറ്റ് തുടങ്ങി എല്ലാ ഇടപാടുകള്‍ക്കും നിയമം ബാധകമാണെന്ന് ഭേദഗതിയില്‍ ചൂണ്ടിക്കാട്ടുന്നു.
2015 ഏപ്രില്‍ മുതല്‍ നോട്ട് നിരോധനം നിലവില്‍ വരുന്നതുവരെ സംസ്ഥാനത്ത് 13.5 ലക്ഷം രജിസ്‌ട്രേഷനുകളാണ് നടന്നത്. ഇവയില്‍ 20,000 രൂപയ്ക്കുമുകളില്‍ നിയമാനുസൃതമായ ഇടപാടുകള്‍ നടത്തിയത് പത്ത് ശതമാനത്തില്‍ താഴെയാണ്. ആധാരത്തില്‍ കാണിക്കുന്ന വിലയെങ്കിലും രേഖാമൂലം നടത്തിയവര്‍ മാത്രമാണ് നടപടികളില്‍ നിന്ന് ഒഴിവാകുക. അതേസമയം ഇത്തരം രജിസ്‌ട്രേഷനുകളും ആധാരത്തില്‍ രേഖപ്പെടുത്തുന്ന തുകയ്ക്കു പുറമെ നേരിട്ട് വന്‍തുക നല്‍കി നടത്തിയവയാണെന്ന് ആദായ നികുതി വകുപ്പിന് അറിയാമെങ്കിലും രേഖാമൂലം തെളിവുകളില്ലാത്തതിനാല്‍ നടപടിയെടുക്കാനാകില്ല. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തവരാണ് കുടുങ്ങുക. നടപടി തുടങ്ങിയാല്‍ വന്‍കിടക്കാരും സാധാരണക്കാരുമായ ലക്ഷക്കണക്കിനാളുകള്‍ പിഴയൊടുക്കേണ്ടിവരും. ഇടപാടുകള്‍ക്കായി ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് നേരിട്ട് ഇടപാട് നടത്തിയവരും നടപടിയില്‍ നിന്ന് ഒഴിവാകും.
അഡ്വാന്‍സ് തുക കഴിച്ചുള്ള ബാക്കി മുഴുവന്‍ തുകയും റൊക്കമായി കൈപ്പറ്റിയെന്നാണ് 90 ശതമാനം രജിസ്‌ട്രേഷന്‍ രേഖകളിലും എഴുതാറുള്ളത്. ഇതാണ് തിരിച്ചടിയായി മാറുക.
ഇങ്ങനെ എഴുതിയാല്‍ പണം എവിടെനിന്ന് ലഭിച്ചുവെന്നും ബാങ്കില്‍ നിക്ഷേപിക്കാത്തതിന്റെയും നികുതി അടക്കാത്തതിന്റെയും കാരണങ്ങളും ബോധിപ്പിക്കണം.എന്നാല്‍, രജിസ്‌ട്രേഷന്‍ വിഭാഗത്തിന് ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നുമില്ലാത്തതിനാല്‍ ഇടപാടില്‍ പറഞ്ഞ പണം വില്‍പ്പനക്കാരന് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമാണ് അധികൃതര്‍ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."