കരിങ്ങാച്ചിറയിലെ കലാഗ്രാമം ഇനിയും യാഥാര്‍ഥ്യമായില്ല
പുത്തന്‍ചിറ: ഒരുവര്‍ഷം മുന്‍പ് രൂപംനല്‍കിയ കരിങ്ങാച്ചിറയിലെ കുട്ടികളുടെ കലാഗ്രാമം ഇനിയും യാഥാര്‍ഥ്യമായില്ല. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ നിര്‍ധനരായ വിദ്യാര്‍ഥികളെ കണ്ടെത്തി അവരുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വിദ്യാഭ്യാസപരമായി കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള മേഖലകളില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനുമായി കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചതാണു പദ്ധതി.
സ്‌നേഹപൂര്‍വം പദ്ധതിയുടെ രണ്ടാംഘട്ടമായിട്ടാണ് കരിങ്ങാച്ചിറയിലെ കലാഗ്രാമത്തിനു രൂപംനല്‍കിയത്. അഞ്ചുവയസിനു മുകളിലുള്ളവരും ഒന്നാംക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ളവരുമായ മാതാപിതാക്കളില്ലാത്ത വിദ്യാര്‍ഥികളെ അവധി ദിവസങ്ങളില്‍ കരിങ്ങാച്ചിറയിലെ കലാഗ്രാമത്തില്‍ എത്തിക്കുകയും പരിശീലന ക്ലാസുകള്‍ നല്‍കിയ ശേഷം തിരികെ വീടുകളില്‍ എത്തിക്കുകയും ചെയ്യുന്നതാണു പദ്ധതി. കലാഗ്രാമത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിക്കുമെന്നും നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു.
കലാഗ്രാമം നിര്‍മാണത്തിനായി ഒരു ഏക്കര്‍ ഭൂമി സര്‍ക്കാരിനു തീറു നല്‍കണമെന്ന നിബന്ധന പാലിക്കാന്‍ കരുണ ചാരിറ്റബിള്‍ ട്രസ്റ്റിനു കഴിയാതെവന്നതാണു പദ്ധതി മുടങ്ങാന്‍ കാരണമെന്നാണ് അറിയുന്നത്. ട്രസ്റ്റിന്റെ പേരിലുള്ള ഭൂമി മറ്റൊരു വ്യക്തിയുടെയോ സംഘടനയുടെയോ പേരിലേക്കു മാറ്റാന്‍ കഴിയില്ലെന്ന നിയമമാണു തടസമായത്. ഉത്തരവാദപ്പെട്ടവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയും അനാസ്ഥയുമാണു പദ്ധതി യാഥാര്‍ഥ്യമാകാതിരിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സ്ഥലം എം.എല്‍.എ മുന്‍കൈയെടുക്കണമെന്നാണ് കലാസ്‌നേഹികള്‍ ആവശ്യപ്പെടുന്നത്.
കലാഗ്രാമത്തിനുപകരം കരിങ്ങാച്ചിറയിലെ സ്‌നേഹവീടിനോടു ചേര്‍ന്നുള്ള 30 സെന്റ് ഭൂമിയില്‍ കരുണ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കുകയും പാവപ്പെട്ട കുടുംബങ്ങളിലെ അമ്മമാര്‍ക്കു തൊഴില്‍ പരിശീലനം നല്‍കുകയും ചെയ്യുന്ന കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കുടനിര്‍മാണം, നോട്ട്ബുക്ക് നിര്‍മാണം തുടങ്ങിയ തൊഴിലുകളില്‍ പരിശീലനം നല്‍കുന്നതിനാണു പദ്ധതിയുള്ളത്.
കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 800ലേറെ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ രണ്ടാം ശനിയാഴ്ചകളില്‍ വിദ്യാഭ്യാസ പുരോഗതിക്കുള്ള ക്ലാസുകള്‍ ട്രസ്റ്റിനു കീഴില്‍ നല്‍കിവരുന്നുണ്ട്. ഈ വിദ്യാര്‍ഥികള്‍ക്കു സംരക്ഷണം നല്‍കുന്ന കുടുംബങ്ങളിലെ അമ്മമാര്‍ക്കാണ് ആദ്യഘട്ടത്തില്‍ തൊഴില്‍ പരിശീലനം നല്‍കുന്നത്. പരിശീലനകേന്ദ്രത്തിന്റെ 3000 സ്‌ക്വയര്‍ഫീറ്റ് വലിപ്പത്തിലുള്ള കെട്ടിടം നിര്‍മാണം ഉദാരമതികളുടെ സംഭാവന സ്വീകരിച്ചാണ് ട്രസ്റ്റിനു കീഴില്‍ പുരോഗമിക്കുന്നത്. സ്‌നേഹപൂര്‍വം പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ അഗതികളായ അമ്മമാര്‍ക്കു ശനിയാഴ്ചകളില്‍ സ്‌നേഹവീട്ടില്‍ വിരുന്നൊരുക്കുന്നതു വിജയകരമായി തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."