എരുമപ്പെട്ടി ആയുഷ് വെല്‍നസ് സെന്റര്‍ നാടിനു സമര്‍പ്പിച്ചു: ആരോഗ്യ പരിപാലനത്തിന് യോഗ ജീവിതചര്യയാക്കണം: മന്ത്രി എ.സി മൊയ്തീന്‍
എരുമപ്പെട്ടി: ആരോഗ്യ പരിപാലനത്തിന് ഉത്തമ മാര്‍ഗമായ യോഗ ജീവിതചര്യയാക്കി മാറ്റണമെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. എരുമപ്പെട്ടി പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് അനുവദിച്ച ആയുഷ് വെല്‍നെസ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭാരത സംസ്‌കാരത്തിന്റെ ഭാഗമായ യോഗ ഒരു വിഭാഗത്തിന്റേതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളുടേയും ആരോഗ്യ മാനസിക സംരക്ഷണത്തിനായി പൂര്‍വികള്‍ കണ്ടെത്തിയ മാര്‍ഗമാണു യോഗാഭ്യാസം. ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ കുട്ടികള്‍ക്കു നിര്‍ബന്ധമായും യോഗാപരിശീലനം നല്‍കണം. പ്രകൃതിയുമായി അകന്നുപോയതാണു മനുഷ്യര്‍ രോഗികളായി മാറാന്‍ കാരണമെന്നും ആയുര്‍വേദവും പ്രകൃതിദത്ത ഭക്ഷണവും ശീലമാക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രീതിയാണ് ദേശീയ ആയുഷ് മിഷന്‍ വിഭാവനം ചെയ്ത ആയുഷ് വെല്‍നെസ് സെന്ററിലൂടെ നടപ്പാക്കുന്നത്. ചടങ്ങില്‍ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അധ്യക്ഷയായി.
ഭാരതീയ ചികിത്സ വകുപ്പ് ഡി.എം.ഒ ഡോ. ഷീല ബി. കാറളം പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍, ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്. നായര്‍, സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെ. സ്മിനി, ഡോ. ടി.എന്‍ അനീജ, കെ. ഗോവിന്ദന്‍കുട്ടി, പി.എം ഷൈല, പ്രീതി സതീഷ്, എന്‍.കെ കബീര്‍, സിജി ജോണ്‍, സി.എ ജോസഫ്, കെ.വി രാജശേഖരന്‍, സുരേഷ് മേലെപുരയ്ക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."