ജിഷ വധം: ബി.സന്ധ്യ ഇന്ന് പെരുമ്പാവൂരില്‍
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ വീട് പുതിയ അന്വേഷണസംഘം മേധാവി എ.ഡി.ജി.പി ബി. സന്ധ്യ സന്ദര്‍ശിക്കും.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ മാതാവിനേയും ഇവര്‍ സന്ദര്‍ശിക്കും. ജിഷ വധക്കേസില്‍ ഇതുവരെയുള്ള പുരോഗതി പുതിയ അന്വേഷണ സംഘം വിലയിരുത്തും.
സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പ്രധാനി എസ്.പി പി.ഉണ്ണിരാജ ആയിരിക്കും. ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് തൊട്ടടുത്ത ദിവസങ്ങളില്‍ കിഴക്കമ്പലം പെരിയാര്‍ വാലി കനാലില്‍ നാട്ടുകാര്‍ കണ്ടതായി പറയുന്ന രക്തം പുരണ്ട വെട്ടുകത്തിയും വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമം ഇതുവരേയും വിജയിച്ചിട്ടില്ല. ജിഷ മരിച്ചിട്ട് 29 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരേയും കൃത്യമായ നിഗമനത്തിലെത്താന്‍ പൊലിസിന് സാധിച്ചിട്ടില്ല.
- പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ കേസ് നാളെ പരിഗണിക്കും
തിരുവനന്തപുരം: ജിഷ വധത്തില്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ നാളെ കേസ് പരിഗണിക്കും. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുമെന്നാണു കമ്മിഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച ഘട്ടത്തില്‍ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പി.എന്‍.വിജയകുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
റിപ്പോര്‍ട്ടില്‍ പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും കമ്മിഷന്‍ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതില്‍ അര്‍ഥമില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പുതിയ സംഘത്തെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
- പുതിയ അന്വേഷണസംഘത്തില്‍ പ്രതീക്ഷ: ജിഷയുടെ മാതാവ്
പെരുമ്പാവൂര്‍: തന്റെ മകളുടെ കൊലപാതകം അന്വേഷിക്കുന്ന പുതിയ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നു ജിഷയുടെ മാതാവ് രാജേശ്വരി. കഴിവുള്ളവര്‍ ഇത്രനാള്‍ അന്വേഷിച്ചിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ ദു:ഖമുണ്ടെന്നും രാജേശ്വരി പറഞ്ഞു. തങ്ങള്‍ക്കുണ്ടായ ദുര്‍ഗതി മറ്റാര്‍ക്കും വരരുതെന്നാണു പ്രാര്‍ഥിക്കുന്നതെന്നും രാജേശ്വരി വ്യക്തമാക്കി.
ഇത്രയുംനാള്‍ അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താത്തിനു പിന്നില്‍ ദുരൂഹതയുണ്ട്. പ്രതികളെ പിടികൂടാതെ തങ്ങളെ ചോദ്യം ചെയ്യുന്ന തിരക്കിലായിരുന്നു അന്വേഷണസംഘം. പുതിയ സംഘം സത്യസന്ധതയോടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും രാജേശ്വരി പറഞ്ഞു.
ജിഷ കൊല്ലപ്പെട്ടിട്ട് 28 ദിവസം കഴിഞ്ഞെങ്കിലും മാതാവ് രാജേശ്വരി താലൂക്ക് ആശുപത്രിയില്‍ തന്നെയാണു കഴിയുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പണികഴിപ്പിക്കുന്ന മുടക്കുഴയിലെ വീടിനുസമീപം വാടകവീട്ടിലേക്കു താമസംമാറ്റാനാണു തീരുമാനം.
- പി.പി തങ്കച്ചന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തിരുവനന്തപുരം: ജിഷ വധവുമായി ബന്ധപ്പെടുത്തി തനിക്കും കുടുംബത്തിനുമെതിരേ ജോമോന്‍ പുത്തന്‍പുരക്കല്‍ നടത്തുന്ന ദുഷ്പ്രചാരണം അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചാണെന്നു യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. ജോമോന്റെ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും ഇത്തരം പ്രചാരണത്തിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും പി.പി.തങ്കച്ചന്‍ അറിയിച്ചു.
- സി.ബി.ഐ അന്വേഷിക്കണമെന്ന് യുവമോര്‍ച്ചയും മഹിളാ ഐക്യവേദിയും
കൊച്ചി: ജിഷ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജൂണ്‍ ഒന്നിന് എ.ഡി.ജി.പി ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കും. മൂന്ന്, നാല് തിയതികളില്‍ സംസ്ഥാനതലത്തില്‍ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ 16 പിന്നോക്ക വിഭാഗങ്ങളുടെ കൊലപാതകങ്ങളാണു ജില്ലയില്‍ നടന്നതെന്നും ഇതെല്ലാം സി.ബി.ഐ അന്വേഷിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു പറഞ്ഞു. കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മഹിളാ ഐക്യവേദി നാളെ കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന ധര്‍ണ രേണു സുരേഷ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."