രണ്ട് മണിക്കൂറിനുള്ളില്‍ ആറ് കൊലപാതകം: മുന്‍ സൈനികന്‍ അറസ്റ്റില്‍
ചണ്ഡിഗഢ്: രണ്ട് മണിക്കൂറിനുള്ളില്‍ ആറു കൊലകള്‍ നടത്തിയ മുന്‍ സൈനികന്‍ അറസ്റ്റില്‍. ഹരിയാനയിലെ പുല്‍വാമില്‍ ഇന്നലെ പുലര്‍ച്ചെയാണ് തുടര്‍ച്ചയായ കൊലപാതകങ്ങളുടെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
ആറു കൊലപാതകങ്ങളും നടന്നത് പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് ദങ്കടിനെ പൊലിസ് അറസ്റ്റ് ചെയ്തു. സൈന്യത്തിലെ ലെഫ്റ്റനന്റായിരുന്ന ഇദ്ദേഹം 2003ല്‍ സ്വമേധയാ വിരമിച്ചതാണ്.
പുലര്‍ച്ചെ രണ്ടോടെ പുല്‍വാം ആശുപത്രിയിലെത്തിയ നരേഷ് 35 കാരിയായ സ്ത്രീയെയാണ് ആദ്യം കൊലപ്പെടുത്തിയത്. ആശുപത്രി തീവ്രപരിചരണ വിഭാഗത്തിന് സമീപത്തായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ബന്ധുവിന്റെ കൂടെ ആശുപത്രിയിലെത്തിയതായിരുന്നു ഇവര്‍. ആശുപത്രിയിലെ സി.സി.ടിവിയില്‍ നിന്ന് ഒരാള്‍ കമ്പിയുമായി നടന്നുപോകുന്ന ദൃശ്യം പൊലിസിന് ലഭിച്ചിട്ടുണ്ട്.
ആദ്യ കൊലയ്ക്ക് ശേഷം വഴിയിലിറങ്ങിയ പ്രതി പുല്‍വാമിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാലു പേരെയാണ് കമ്പി വടി ഉപയോഗിച്ച് അടിച്ചുകൊന്നത്. ഏറ്റവും ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാരനെയും കൊന്നു. കൊല്ലപ്പെട്ട മുഴുവന്‍ മൃതദേഹങ്ങളും രണ്ടോ മൂന്നോ കിലോ മീറ്ററുകള്‍ക്കുള്ളിലാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ കൊല നടത്തിയെന്ന് ഇത് തെളിയിക്കുന്നതായി പുല്‍വാമിലെ പൊലിസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്ന പ്രതിയെ ആദര്‍ശ് നഗറില്‍ നിന്നാണ് പിടികൂടിയത്. മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്ന ഇദ്ദേഹത്തെ ഫരീദാബാദിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."