ഇറാനി കപ്പ്: വിജയ പ്രതീക്ഷയില്‍ റസ്റ്റ് ഓഫ് ഇന്ത്യ
മുംബൈ: ഗുജറാത്തിനെതിരായ ഇറാനി കപ്പ് പോരാട്ടത്തില്‍ റസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ. ഗുജറാത്ത് മുന്നോട്ടു വച്ച 379 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശുന്ന റസ്റ്റ് ഓഫ് ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെന്ന നിലയില്‍. ഒരു ദിവസവും ആറു വിക്കറ്റുകളും കൈയിലിരിക്കേ റസ്റ്റിനു വിജയിക്കാന്‍ 113 റണ്‍സ് കൂടി മതി. സെഞ്ച്വറി നേടി പുറത്താകാതെ നില്ക്കുന്ന വൃദ്ധിമാന്‍ സാഹ (123), പുറത്താകാതെ സെഞ്ച്വറിക്ക് അരികിലുള്ള ചേതേശ്വര്‍ പൂജാര (83) എന്നിവരുടെ ബാറ്റിങിലൂടെ റസ്റ്റ് ഓഫ് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.
ഗുജറാത്ത് ആദ്യ ഇന്നിങ്സില്‍ 358 റണ്‍സും രണ്ടാമിന്നിങ്സില്‍ 246 റണ്‍സുമാണെടുത്തത്. റസ്റ്റ് ഓഫ് ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 226 റണ്‍സില്‍ പുറത്തായി 132 റണ്‍സിന്റെ നിര്‍ണായക ലീഡ് വഴങ്ങി പരുങ്ങിയിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്സില്‍ ഗുജറാത്തിനെ ക്ഷണത്തില്‍ പുറത്താക്കാന്‍ സാധിച്ചത് അവര്‍ക്ക് നേട്ടമായി.
വിജയത്തിലേക്ക് ബാറ്റു വീശിയ റസ്റ്റിനു തുടക്കത്തില്‍ പിഴച്ചെങ്കിലും പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന നായകന് ചേതേശ്വര്‍ പൂജാരയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും പിരിയാത്ത അഞ്ചാം വിക്കറ്റില്‍ തീര്‍ത്ത ശക്തമായ പ്രതിരോധം അവരെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. ഒരു ഘട്ടത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലായിരുന്നു റസ്റ്റ്.
പിന്നീട് ക്രീസ് വാണ പൂജാര- സാഹ സഖ്യം 203 റണ്‍സിന്റെ കൂട്ടുകെട്ടാണു പടുത്തുയര്‍ത്തിയത്. ഗുജറാത്തിനായി ഹര്‍ദിക് പട്ടേല്‍ രണ്ടു വിക്കറ്റുകള്‍ പിഴുതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."