കൊറിയന്‍ മേഖലയില്‍ സംഘര്‍ഷ ഭീതിയൊഴിയുന്നു
സിയൂള്‍: ആണവാക്രമണ ഭീതിയിലായിരുന്ന കൊറിയന്‍ മേഖല സമാധാനത്തിലേക്ക് നീങ്ങുന്നു. സമാധാന ചര്‍ച്ചക്കുള്ള ഉത്തര കൊറിയയുടെ ക്ഷണം ദക്ഷിണ കൊറിയ സ്വീകരിച്ചു.
ചര്‍ച്ചക്കായുള്ള ഉ. കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ താല്പര്യം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള അവസരമാണെന്ന് ദ. കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍ പറഞ്ഞു.
ഇന്നലെ കാബിനറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചക്കുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മൂണ്‍ ജെ. ഇന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഉത്തര കൊറിയയുമായി ജനുവരി ഒന്‍പതിന് പന്ഞ്ജോമില്വച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ദക്ഷിണ കൊറിയന്‍ യൂനിഫിക്കേഷന്‍ മന്ത്രി ചോ മ്യോങ് ഗോണ് പറഞ്ഞു.
സമാധാന ചര്‍ച്ചക്ക് എവിടെവച്ചും തയാറാണ്. ഉത്തര- ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍ക്ക് നേരിട്ട് ചര്‍ച്ച നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്യോങ്യാങ്ങില് നടക്കുന്ന ശൈത്യകാല ഒളിംപിക്സില്‍ ഉത്തര കൊറിയന്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നതുസംബന്ധിച്ചും ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടാനുള്ള സംവിധാനം പുനഃസ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 മുതല്‍ ഈ സംവിധാനം റദ്ദാക്കിയിരുന്നു.
സംഘര്‍ഷഭരിതമായിരുന്ന കൊറിയന്‍ മേഖലയില്‍ സമാധാനത്തിന്റെ വഴിതുറന്നത് ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ പുതുവത്സര സന്ദേശമായിരുന്നു .
ദക്ഷിണ കൊറിയയില്‍ അടുത്തമാസം നടക്കുന്ന ശൈത്യകാല ഒളിംപിക്സില്‍ പ്രതിനിധികളെ അയക്കുന്നത് പരിഗണിക്കുമെന്നും സമാധാന ചര്‍ച്ചക്ക് തയാറാണെന്നും കിങ് ജോങ് ഉന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഒളിംപിക്സ് വന്‍ വിജയമാക്കണം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരുകൊറിയയില് നിന്നുമുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ യോഗം ചേരണമെന്നും കിം ആവശ്യപ്പെട്ടു. ഇതാണ് അപ്രതീക്ഷിത ചര്‍ച്ചക്ക് കാരണമായത്. ദക്ഷിണകൊറിയ അവസരത്തിനൊത്ത് ചര്‍ച്ചക്കുള്ള സാഹചര്യം മുതലാക്കുകയായിരുന്നു.
എന്നാല്‍, അമേരിക്കയോട് വളരെ പരുഷമായ രീതിയിലാണ് കിങ് ജോങ് ഉന്‍ സന്ദേശത്തിന്റെ ആദ്യഭാഗത്ത് സംസാരിച്ചത്. ആണവായുധത്തിന്റെ ബട്ടണ്‍ തന്റെ മേശപ്പുറത്തുണ്ട്. ഇത് യു.എസ് തിരിച്ചറിയണം. ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തില്‍ ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കും. സമാധാനത്തിനായി ദക്ഷിണകൊറിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും കിങ് ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."