നവാസ് ശരീഫ് സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ശരീഫിന്റെ മകള്‍ മര്‍യം നവാസ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. ശനിയാഴ്ച സഊദി അറേബ്യയിലെത്തിയ ശരീഫിനെ മര്‍യമും അനുഗമിക്കുന്നുണ്ട്.
സഊദി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനായായിരുന്നു നവാസ് ശരീഫിന്റെ സന്ദര്‍ശനം. മുഹമ്മദ് ബിന്‍ സല്മാന് അടക്കമുള്ള ഉന്നത വൃത്തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം മദീനയിലെ പ്രവാചക പള്ളിയിലെത്തി. മുഹമ്മദ് നബിയുടെ മഖ്ബറ സന്ദര്‍ശിച്ച അദ്ദേഹം ഉംറ നിര്‍വഹിക്കാനായി മക്കയിലേക്കു തിരിച്ചിട്ടുണ്ട്. ഉംറ നിര്‍വഹിച്ച ശേഷം ശരീഫ് നാട്ടിലേക്കു മടങ്ങുമെന്നാണു വിവരം.
പാക് സൈന്യവുമായി നവാസ് ശരീഫിന്റെ കുടുംബം രഹസ്യ കരാറിലെത്തിയതായി ആരോപണമുയരുന്നതിനിടെയാണ് നവാസ് ശരീഫിന്റെ സഊദി സന്ദര്‍ശനം. ഇതിനു മുന്നോടിയായി ശരീഫിന്റെ സഹോദരനും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ശഹബാസ് ശരീഫ് നേരത്തെതന്നെ സഊദിയിലെത്തി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശതാല്പര്യം മുന്‍നിര്‍ത്തിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു നവാസ് ശരീഫിന്റെ സഊദി സന്ദര്‍ശനമെന്ന് പാകിസ്താന് മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍എന്‍) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."