അന്വേഷണ റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് ഹാജരാക്കണമെന്ന് കോടതി
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതി സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി ഏഴു മാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിരുന്നില്ല. ഇതേതുടര്‍ന്നാണ് രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പരാതി നല്‍കിയിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2016 ജൂണ്‍ 11 ന് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതലയുള്ള വിജിലന്‍സ് ഡിവൈ.എസ്.പി പരാതിക്കാരന്റെയും അഞ്ജുവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, ഇതിന് തൊട്ടുപിന്നാലെ ഡിവൈ.എസ്.പിയെ വിജിലന്‍സില്‍ നിന്ന് സ്ഥലം മാറ്റി. അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് ഡിവൈ.എസ്.പി വിജിലന്‍സില്‍ തിരിച്ചെത്തിയത്. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.
15 വര്‍ഷത്തിനിടെ 150 കോടിയുടെ അഴിമതി നടന്നെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്റര്‍, സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണത്തിലെ ക്രമക്കേട്, സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ 25 കോടിയുടെ അഴിമതി, വിദേശ പരിശീലനത്തിന്റെ പേരിലെ 50 കോടിയുടെ ക്രമക്കേട്, ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിലെ അഴിമതി, ഇ-മെയില്‍ ചോര്‍ത്തല്‍ എന്നിവയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."