കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലിന് താഴുവീണു
കണ്ണൂര്‍: എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാവുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം അറംപറ്റിയതുപോലെയായി കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലിന്റെ കാര്യം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതു കാരണം ഞായറാഴ്ച മുതല്‍ മില്‍ പൂട്ടി. എല്ലാവിഭാഗം പ്രവൃത്തികളും അടച്ചിട്ടു. ഇതോടെ സംസ്ഥാനത്തു പൂട്ടുന്ന ഏഴാമത്തെ സ്പിന്നിങ് മില്ലായി കണ്ണൂരിലേത്.
നേരത്തെ ഇവിടെ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കു ഭാഗികമായി മാത്രമേ തൊഴില്‍ ലഭിച്ചിരുന്നുള്ളൂ. കോട്ടണ്ലഭ്യത കുറവാണ് കാരണമായി പറഞ്ഞിരുന്നത്. കോട്ടണ്‍ പുറത്തു നിന്നു വാങ്ങി നൂലുല്പ്പാദനമാണ് സഹകരണ മില്‍ നടത്തുന്നത്. എന്നാല്‍ കോട്ടണ്‍ വാങ്ങാന്‍ ഫണ്ടില്ലാത്തതു വിനയായി. രണ്ടു ദിവസത്തേക്കാണ് തൊഴില്‍ പ്രതിസന്ധിയെന്നു അധികൃതര്‍ പറയുമ്പോഴും ദീര്‍ഘനാളത്തെ അടച്ചിടലുണ്ടാകുമെന്നാണ് സൂചന. മുന്നൂറ്റി അറുപതോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സഹായത്തോടെ രണ്ടാം ഘട്ട ആധുനികവത്കരണം നടന്നിരുന്നു. ഇതിനിടയിലാണ് ലോക്കൗട്ട് ഭീഷണി. സാമ്പത്തികമായി കൂപ്പുകുത്തിയ സഹകരണ മില്ലിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പതിനഞ്ചുകോടിയിലേറെ നല്‍കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നയാപൈസ അനുവദിച്ചില്ല. കണ്ണൂരുകാരന് കൂടിയായ ഇ.പി മന്ത്രി സ്ഥാനമേറ്റുവെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ രാജിവച്ചത് തിരിച്ചടിയായി. ചെയര്‍മാന്റെ ഒഴിവിലേക്കു പുതിയ നിയമനം ഇവിടെ നടന്നിട്ടില്ല.
പുതിയ സര്‍ക്കാര്‍ സി.ഐ.ടി.യുനേതാവായ കെ.പി സഹദേവനെ തത്സ്ഥാനത്തു പരിഗണിച്ചെങ്കിലും ഹാന്റ്ലൂം കോര്‍പറേഷന്റെ ചെയര്‍മാനായി അദ്ദേഹം പോയി. മാനേജിങ് ഡയറക്ടറാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. തൊഴിലാളികളുടെ പി.എഫ് അടക്കമുള്ള കാര്യങ്ങള്‍ കുടിശികയായിരിക്കുകയാണ്. ഇതില്‍ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളും പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."