വയല്‍കിളികള്‍ വീണ്ടും ശ്രദ്ധാകേന്ദ്രം സമരവുമായി സഹകരിച്ച 11 പാര്‍ട്ടി അംഗങ്ങളെ സി.പി.എം പുറത്താക്കി
11 പ്രവര്‍ത്തകരെ പുറത്താക്കിയതിലൂടെ പാര്‍ട്ടിക്കെതിരെയുളള സമരമാണ് കീഴാറ്റൂരില്‍ നടക്കുന്നതെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ് സി.പി.എം
തളിപ്പറമ്പ്: സമരവുമായി സഹകരിച്ച 11 പാര്‍ട്ടി അംഗങ്ങളെ സി.പി.എം പുറത്താക്കിയതോടെ കീഴാറ്റൂരിലെ വയല്‍ക്കിളി സമരം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഡിസംബര്‍ 31ന് ഉച്ചക്ക് രണ്ടുമുതല്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ നടത്താനിരുന്ന സമര വാര്‍ഷികത്തിനും പുതുവല്‍സരാഘോഷത്തിനും പരിസ്ഥിതി പ്രദര്‍ശനത്തിനും അവസാന നിമിഷം അനുമതി നിേഷധിച്ച പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉണ്ടായതോടെയാണ് അച്ചടക്ക നടപടിയുമായി സി.പി.എം രംഗത്തുവന്നത്. വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ ദേശീയപാതാ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കീഴാറ്റൂര്‍ സെന്‍ട്രല്‍, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചുകളില്‍ നിന്നുള്ള 11 അംഗങ്ങള്‍ക്കെതിരെയാണ് നടപടി.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ഔദ്യോഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേന്ദ്രങ്ങളില്‍ നിന്നും ഇതു ശരിവയ്ക്കുന്ന സൂചനകളാണ് ലഭിക്കുന്നത്. പുറത്താക്കിയ അംഗങ്ങളോട് നേരത്തേതന്നെ പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു. രണ്ടുപേര്‍ മാത്രമാണ് വിശദീകരണം നല്‍കിയത്. ഇത് തൃപ്തികരമല്ലെന്നു പറഞ്ഞ് തളളുകയും ചെയ്തു. തുടര്‍ന്നാണ് നടപടിയെടുത്തത്.
പുതിയ സംഭവ വികാസങ്ങളോട് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചത് ഇങ്ങനെ- സമരത്തില്‍ നിന്നും പിന്‍മാറാന്‍ പിന്തുണ നല്‍കുന്ന അംഗങ്ങളോട് സി.പി.എമ്മിന്റെ ലോക്കല്‍ ഏരിയാ ഘടകങ്ങള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ അമര്‍ഷമുളളതുകൊണ്ട് അവര്‍ അതിന് തയാറായില്ല. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്കു വേണ്ടി തന്നെയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്ന ഉത്തമ ബോധ്യമുളളതുകൊണ്ടാണ് ഇപ്പോഴും അവര്‍ വയല്‍ക്കിളികളോടൊപ്പം ഉറച്ചുനില്‍ക്കുന്നത്. ഇത്തരം നടപടികള്‍ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റാനേ ഉപകാരപ്പെടൂവെന്നും സുരേഷ് പ്രതികരിച്ചു.
അച്ചടക്ക നടപടിയുണ്ടായ കീഴാറ്റൂര്‍ സെന്‍ട്രല്‍, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചുകളെ കൂടാതെ കീഴാറ്റൂര്‍ ബ്രാഞ്ചുകൂടി ഉള്‍ക്കൊളളുന്ന പ്രദേശത്തെ ബാധിക്കുന്ന വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ അമര്‍ഷമുണ്ടെങ്കിലും സമരക്കാര്‍ പാര്‍ട്ടിയെ പൂര്‍ണമായും തള്ളിപ്പറയാതിരുന്നത് ശ്രദ്ധേയമായിരുന്നു. ഇതു തന്നെയാണ് പാര്‍ട്ടിയെ നടപടിയെടുക്കുന്നതില്‍ നിന്നും വൈകിപ്പിച്ചതും. 11 പ്രവര്‍ത്തകരെ പുറത്താക്കിയതിലൂടെ പാര്‍ട്ടിക്കെതിരെയുളള സമരമാണ് കീഴാറ്റൂരില്‍ നടക്കുന്നതെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നടപടി ഒരു ജനതയുടെ നിലനില്‍പ്പിനു വേണ്ടിയുളള പോരാട്ടത്തെ ഏതു തരത്തില്‍ ബാധിക്കുമെന്ന ചോദ്യമുയരുന്നുണ്ട്. പാര്‍ട്ടിയെ ജീവശ്വാസമായി സ്‌നേഹിക്കുകയും പാര്‍ട്ടി പഠിപ്പച്ച നയങ്ങള്‍ക്കു വേണ്ടി നിലകൊളളുകയും ചെയ്തവര്‍ക്കെതിരേ നടപടിയെടുത്തവരോടുളള നാട്ടുകാരുടെ നിലപാടുകളാണ് ഇനി വിധി നിശ്ചയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."