മലബാര്‍ കാന്‍സര്‍ സെന്റര്‍ സമരം 20ാം ദിവസത്തിലേക്ക് പ്രശ്‌ന പരിഹാരത്തിന് ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച
തലശ്ശേരി: കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ 19 കരാര്‍ തൊഴിലാളികളെ പരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല സമരം 19 ദിവസം പിന്നിട്ടു. സമരം ശക്തമായതോടെ ആരോഗ്യ മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടു ഈ മാസം ഏഴിന് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായി. ദിവസവും സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ജില്ലയിലെ നിരവധി നേതാക്കള്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്. 19ാം ദിനത്തിലെ ധര്‍ണാസമരം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ടി. സുധീര്‍, സി. ചന്ദ്രന്‍, സി. സോന സംസാരിച്ചു. കാന്‍സര്‍ സെന്ററിലെ പ്രധാന കവാടത്തിലാണ് പന്തലിട്ട് സമരം നടത്തുന്നത്. 16 സ്ത്രീ തൊഴിലാളികളുള്‍പ്പെടെ 19 കരാര്‍ തൊഴിലാളികളെയാണ് പരിച്ചുവിട്ടത്.
15 വര്‍ഷം മുമ്പ് സ്ഥാപനത്തില്‍ ലേബര്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തൊഴില്‍ നേടിയവരെയാണ് പിരിച്ചുവിട്ടത്. കുടുംബശ്രീ വഴി തസ്തികയിലേക്ക് പുതിയ തൊഴിലാളികളെ നിശ്ചയിക്കുകയായിരുന്നു.
വാര്‍ഡ് അസിസ്റ്റന്റുമാരുടെ കോണ്‍ട്രാക്ട് കാലാവധി ഡിസംബര്‍ 14ന് അവസാനിച്ചിരുന്നു. 15 പേരാണ് ഈ തസ്തികയില്‍ ജോലി ചെയ്തിരുന്നത്. നിരവധി വര്‍ഷം അനുഭവ സമ്പത്തുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെ പിരിച്ചുവിട്ട് പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദേശം ചില കേന്ദ്രങ്ങളില്‍ നിന്ന് ആദ്യം ഉയര്‍ന്നിരുന്നു. ഇവിടെ 62 തൊഴിലാളികള്‍ പരിച്ചുവിടല്‍ ഭീഷണി നേരിട്ടിരുന്നു. ഇതില്‍ 19 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമായത്.
നേരത്തെ സ്ഥാപനത്തില്‍ മലബാര്‍ സൊസൈറ്റി എന്ന പേരില്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംഘം രൂപീകരിച്ചെങ്കിലും ക്രമേണ പേരിന് മാത്രമായി ചുരുങ്ങുകയായിരുന്നു. ഏഴിന് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. ന്യായമായ ഒത്തുതീര്‍പ്പ് ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം. സി.പി.എം തലശ്ശേരി ഏരിയാ സമ്മേളനത്തില്‍ പ്രശ്‌നം ചര്‍ച്ചയായെങ്കിലും നേതാക്കള്‍ ഇടപെട്ട് ഒതുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."