ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം കവര്‍ച്ചക്ക് ശേഷമെന്ന് സൂചന
ഇരിക്കൂര്‍: ബ്ലാത്തൂരില്‍ കഴിഞ്ഞദിവസം പട്ടാപകല്‍ കഴുത്തറുത്തു കൊന്ന നിലയിന്‍ താമസവീട്ടില്‍ കണ്ടെത്തിയ ചെങ്കല്‍ തൊഴിലാളി ആസം സ്വദേശി സഹദേവ് റായിയുടെ കൊലപാതകത്തിനു പിന്നില്‍ പണം കവര്‍ച്ചയാവാമെന്ന് നിഗമനം. സഹദേവ് റായ് നാട്ടിലേക്ക് പോകാനൊരുങ്ങി നില്‍ക്കുകയായിരുന്നു. അതിനായി തിങ്കളാഴ്ച ഒരു ബന്ധു കണ്ണൂരിലേക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയിരുന്നു.
ചെങ്കല്‍ മേഖലകളില്‍ ജോലി ചെയ്തു വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ മിക്കവരും വര്‍ഷത്തിലൊരിക്കലാണ് നാട്ടിലേക്ക് പോവാറ്. സ്വദേശത്തേക്ക് പോകുമ്പോള്‍ ഇവരുടെ പക്കല്‍ അതുവരെ ജോലി ചെയ്തു കിട്ടിയ കൂലി കൈവശമുണ്ടാകും. ഇത് വലിയൊരു തുകയായിരിക്കും. സഹദേവ് റായിയുടെ പക്കലും പണമുണ്ടായിരുന്നത് അറിയുന്നവരാണ് കൂടെ താമസിക്കുന്നവരും ക്വാറിയില്‍ പണിയെടുക്കുന്നതും. വീട്ടിലേക്ക് കൊണ്ടുപോകാന്‍ വച്ച പണമെല്ലാം കവര്‍ന്ന ശേഷം കൊല ചെയ്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രതിരോധിക്കാന്‍ പോലും ആവാത്ത വിധം മലര്‍ത്തികിടത്തി കുത്തുന്ന നിലയില്‍ കാണപ്പെട്ടതിനാല്‍ സംഭവത്തില്‍ ഒരാള്‍ മാത്രമല്ലെന്നുമുള്ള സംശയം ബലപ്പെട്ടിരിക്കയാണ്.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ പൊലിസ് കണ്ടെത്തി. ചെങ്കല്‍ തൊഴിലാളി മരിച്ച നിലയില്‍ കണ്ട അതേ മുറിയില്‍ വച്ചാണ് കൊല ചെയ്യാനുപയോഗിച്ച കത്തിയും വലിയ കത്രികയും കണ്ടെത്തിയത്. ഇതു രണ്ടും ഇയാളുടെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ തന്നെ മരണ കാരണം വ്യക്തമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ബലപ്രയോഗമോ മറ്റോ നടന്ന ലക്ഷണങ്ങളൊന്നും ശരീരത്തില്‍ പ്രത്യക്ഷത്തില്‍ കാണാനും സാധിച്ചിട്ടിലെന്ന് പൊലിസ് പറയുന്നു. തെളിവെടുപ്പിനായി കൊണ്ടു വന്ന പൊലിസ് നായ ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. മരണവീട്ടില്‍ നിന്നും ബ്ലാത്തൂര്‍ ടൗണ്‍ വഴി എസ്.ബി.ടി ബാങ്ക് പരിസരത്ത് കൂടെ ചില വീടുകളുടെ മുറ്റത്തുകൂടെ പോയി കക്കട്ടുംപാറയിലെ ഗവ. മൃഗാശുപത്രിക്കുടുത്തു കൂടി പൊലിസ് നായ പോവുകയായിരുന്നു. സഹദേവ് റായി ജോലി ചെയ്തു കൊണ്ടിരുന്നത് സിബ്ഗ കോളജിനു പരിസരത്തെ ചുങ്കസ്ഥാനം ക്വാറിയിലായിരുന്നു. ഇവിടെ എത്താനും ഇതുവഴി മാര്‍ഗമുണ്ട്. ടൗണിലെ കടകള്‍ക്കു മുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കും.
കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഇരിക്കൂര്‍ പൊലിസ് സംഘം കസ്റ്റഡിയിലെടുത്തു. സഹോദരന്‍ ദ്രുതറായി, മരുമകന്‍ ഡെന്നി ബറൂവ അടക്കം എട്ടുപേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. മട്ടന്നൂര്‍ സി.ഐ എ.വി ജോണ്‍, എസ്.ഐമാരായ വി.വി പ്രദീപന്‍, ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
തിങ്കളാഴ്ച രാത്രി വെളിച്ചകുറവ് കാരണം നടത്താനിരുന്ന ഇന്‍ക്വസ്റ്റ് ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് തുടങ്ങിയത്. കണ്ണൂരില്‍ നിന്ന് വിരലടയാള സംഘവും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു. ഇന്‍ക്വസ്റ്റിനു ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."