ചെറുകര റെയില്‍വേ ഗേറ്റ് അടച്ചിട്ടു; അങ്ങാടിപ്പുറം ടൗണില്‍ ഗതാഗതക്കുരുക്ക്
അങ്ങാടിപ്പുറം: ചെറുകര റെയില്‍വേ ഗേറ്റ് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത് രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കി. ദീര്‍ഘദൂര വാഹനങ്ങള്‍ അങ്ങാടിപ്പുറം വഴി തിരിച്ചുവിട്ടതാണ് ടൗണില്‍ ഇന്നലെ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. രാവിലെ മുതല്‍ തന്നെ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.
ചിരട്ടാമല വഴിയും കൊളത്തൂര്‍ ഓണപ്പുട വഴിയുമാണ് ബസ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ചരക്കു വാഹനങ്ങള്‍ മുതല്‍ പട്ടാമ്പി, തൃശൂര്‍ ഭാഗങ്ങളിലേക്കുള്ള ദീര്ഘയാത്രികരെല്ലാം അങ്ങാടിപ്പുറം വഴി കടത്തിവിട്ടതോടെ അങ്ങാടിപ്പുറത്തെ തളി ജംഗ്ഷനില്‍ വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു.
പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും വന്ന വാഹനങ്ങള്‍ പാലത്തിനു മുകളില്‍ നീണ്ട നിരയായി നില്‍ക്കുകയായിരുന്നു. ഇരു ചക്ര വാഹനങ്ങളുടെ ഓവര്ടേക്കിംഗുകളാണ് ഏറെ ബ്ലോക്കുകള്ക്കിടയാക്കുന്നതെന്നും ഹെവി വാഹന യാത്രികര്‍ പറഞ്ഞു. ഉച്ചയോടെയാണ് ഗതാഗതം പൂര്‍ണ സ്ഥിതിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."