ഉദുമയില്‍ ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി
ഉദുമ (കാസര്‍കോട്): ഉദുമ റെയില്‍വേ ഗേറ്റിന് സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ കാരണം ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. പാളത്തില്‍ പരിശോധന നടത്തുന്ന ട്രാക്ക്മാന് വിള്ളല്‍ യഥാസമയം കണ്ടെത്തിയതിനെ തുടര്‍ന്ന് വന്‍ ദുരന്തമൊഴിവായി.
ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണ് കാസര്‍കോടിനും കോട്ടിക്കുളത്തിനും ഇടയില്‍ ഉദുമ റെയില്‍വേ ഗേറ്റിന് സമീപം വിള്ളല്‍ കാണപ്പെട്ടത്. മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലേക്കുള്ള പരശുറാം എക്സ്പ്രസ് കടന്നു പോകാനിരിക്കേയാണ് സംഭവം. പുലര്‍ച്ചെ പരിശോധനക്കിറങ്ങിയ രാജസ്ഥാന് സ്വദേശിയായ ട്രാക്ക്മാന് ബ്രജിലാല് ആണ് വിള്ളല്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയും ഇതുവഴികടന്നുപോകേണ്ട ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു.
മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് കളനാട് സ്റ്റേഷനിലും മംഗളൂരു - കോഴിക്കോട് പാസഞ്ചര്‍ കാസര്‍കോട് സ്റ്റേഷനിലും പിടിച്ചിട്ടു. വിള്ളല്‍ താല്‍ക്കാലികമായി ക്ലാംപ് ചെയ്ത് ട്രെയിനുകള്‍ വേഗത കുറച്ച് കടത്തിവിട്ടു. പിന്നീട് 10 മണിയോടെയാണ് ട്രാക്കുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിച്ച് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."