കോളജുകള്‍ ലഹരിമാഫിയ പിടിമുറുക്കുമ്പോള്‍
ഇര്‍ഫാന്‍ പഠിച്ചതു വീടിനടുത്ത ഹൈസ്‌കൂളിലാണ്. നല്ല മാര്‍ക്കുവാങ്ങി എസ്.എസ്.എല്‍.സി ജയിച്ചു. എന്നാല്‍, പ്രീഡിഗ്രിക്കു മാര്‍ക്ക് കുറഞ്ഞതിനാല്‍ പാരലല്‍ കോളജില്‍ ബി.കോം കോഴ്‌സിനു ചേര്‍ന്നു. വീട്ടില്‍നിന്നു 17 കിലോമീറ്റര്‍ അകലെയായിരുന്നു പാരലല്‍ കോളജ്. ധാരാളം വിദ്യാര്‍ഥികള്‍ അവിടെയുണ്ടായിരുന്നു. പഠനത്തില്‍ ഉഴപ്പന്മാരുള്ള അവിടെ കഞ്ചാവു ലഹരിയുടെ പിടിയിലായിരുന്നു. അവരില്‍ പലരുടെയും വിയര്‍പ്പിനുപോലും കഞ്ചാവിന്റെ മണമായിരുന്നു.
പുതുമുഖങ്ങള്‍ക്കു പരീക്ഷണത്തിന് സൗജന്യമായി അവസരം നല്‍കിയിരുന്നു. തുടക്കക്കാര്‍ക്കു പണം തവണയായി കൊടുത്താലും മതി. ആ പ്രലോഭനത്തില്‍ മറ്റു പലരെയുംപോലെ ഇര്‍ഫാനും അകപ്പെട്ടു. അവന് ആദ്യമായി സൗജന്യമായി കഞ്ചാവു ബീഡി നല്‍കിയതു സഹപാഠിയായിരുന്നു. ക്രമേണ കഞ്ചാവുബീഡി ഇര്‍ഫാന് ഒഴിച്ചുകൂടാത്തതായി. പക്ഷേ, വാങ്ങാന്‍ കാശില്ല. അതിനും അവന്‍ പരിഹാരം കണ്ടെത്തി. അവധിദിവസങ്ങളില്‍ കുഴല്‍പ്പണകാരിയര്‍ ആകുന്ന അധികം അധ്വാനം വേണ്ടാത്ത പണിയായിരുന്നു അത്.
ബംഗളൂരുവില്‍നിന്ന് ബസ്സില്‍ കേരളത്തില്‍ പലയിടത്തേയ്ക്കും പണം കൊണ്ടുപോകണം. ഒരു ട്രിപ്പിനു ചെലവു കിഴിച്ച് 500 മുതല്‍ 1000 രൂപ വരെ കിട്ടും. ലഹരിയാസ്വാദനത്തിനു വേണ്ടത്ര പണം. അതു നിര്‍ബാധം തുടര്‍ന്നു. അവന്റെ ലഹരിമാഫിയാ ബന്ധം അനുദിനം വര്‍ധിച്ചു. കഞ്ചാവില്‍നിന്നു ചരസ്സുപോലുള്ള കൂടിയ ഇനം ലഹരിയിലേയ്ക്ക് അവന്‍ കടന്നു. ബി.കോമിന്റെ കടമ്പ കടക്കാന്‍ അവനെ ലഹരിയുടെ ലോകം അനുവദിച്ചില്ല. മകന്‍ പഠിച്ചു ജോലി നേടി കുടുംബം നോക്കുമെന്നു കരുതിയ വീട്ടുകാര്‍ക്കു തെറ്റി.
വീട്ടിലെ പ്രയാസവും പ്രരാബ്ധവും മൂലം അവന്‍ ജോലി തേടി മുംബൈയിലേയ്ക്കു വണ്ടി കയറി. ആ യാത്രയിലും ലഹരിയെന്ന കൂട്ടുകാരനെ ഉപേക്ഷിക്കാന്‍ അവനു കഴിഞ്ഞില്ല. മുംബൈയില്‍ അവനെ കാത്തിരുന്നത് കുറേക്കൂടി ശക്തിയുള്ള ലഹരി പദാര്‍ഥങ്ങളായിരുന്നു. കേരളത്തില്‍ നിരോധിച്ചതോ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭ്യമല്ലാത്തതോ ആയ പല മയക്കുഗുളികകളും മുംബൈയില്‍ നിഷ്പ്രയാസം ലഭിക്കുമായിരുന്നു. ചെലവുകുറവ്, ഡോക്ടറുടെ കുറിപ്പടി വേണ്ട. അതായി അവന്റെ പിന്നത്തെ ലഹരി മാര്‍ഗം.
മുംബൈയില്‍ രണ്ടുവര്‍ഷം ജോലിചെയ്തു നാട്ടിലെത്തി വിവാഹം കഴിച്ചു. പക്ഷേ, മയക്കുഗുളിയായിരുന്നു അവന്റെ യഥാര്‍ഥ കൂട്ടുകാരി. ഇര്‍ഫാന്റെ ആ മാനസികാവസ്ഥ വീട്ടുകാര്‍ക്കും ഭാര്യക്കും അറിയില്ലായിരുന്നു. ഇതിനിടയില്‍ അവന്‍ ഗള്‍ഫിലും കുറച്ചുനാള്‍ ജോലി ചെയ്തു. ലഹരിപദാര്‍ഥങ്ങള്‍ സുലഭമല്ലാത്തതിനാല്‍ അവിടെ അധികം നില്‍ക്കാനാവാതെ തിരിച്ചുവന്നു. ബംഗളുരുവില്‍നിന്നും മുംബൈയില്‍നിന്നും മയക്കുഗുളിക നാട്ടിലെത്തിക്കുന്ന ഏജന്റായി മാറി.
അതിനിടയിലാണു മൂന്നു കൂട്ടുകാരോടൊപ്പം അറസ്റ്റ് ചെയ്യപ്പെടുന്നതും പത്രത്തില്‍ ഫോട്ടോ സഹിതം വാര്‍ത്ത വരുന്നതും. നിയമത്തിന്റെ കുറുക്കുവഴികളിലൂടെ രണ്ടുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയെങ്കിലും സ്വയം അടിമപ്പെട്ടതും ഉപജീവനത്തിനായി സ്വീകരിച്ചതുമായ ലഹരിയുടെ മാര്‍ഗം ഉപേക്ഷിക്കാന്‍ അവനായില്ല. ഭര്‍ത്താവു ലഹരിമരുന്നു വില്‍പ്പനക്കാരനാണെന്നറിഞ്ഞ ഭാര്യ പിണങ്ങിപ്പോവുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലും ലഹരി കൈവിടാനാവാതെ വല്ലാത്തൊരു മാനസികാവസ്ഥയില്‍ കഴിയുകയാണ് ഇപ്പോള്‍ ഇര്‍ഫാന്‍. മാനസികവും ശാരീരികവുമായ അസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്ന നിത്യരോഗിയായി മാറിക്കഴിഞ്ഞു അയാള്‍.
ഇര്‍ഫാന്റേത് ഒറ്റപ്പെട്ട അനുഭവമല്ല. കോളജ് കാംപസുകളിലെ നിയന്ത്രണം വിട്ട ജീവിതം പലപ്പോഴും യുവതലമുറയെ എത്തിക്കുന്നത് ഇര്‍ഫാന്റെ പാതയിലാണ്. കാരണം, കോളജ് കാംപസുകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തിലെ മിക്ക ലഹരിമരുന്നു മാഫിയകളും പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു സഹായകമായ മാനസിക പിന്തുണ നല്‍കാനാവാത്ത അണുകുടുംബ വ്യവസ്ഥ ഇതിനു വളക്കൂറായി മാറുകയും ചെയ്യുന്നു. മക്കളുെട പെരുമാറ്റത്തിലും സംസാരത്തിലും പ്രവൃത്തിയിലും വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി അതിനു പരിഹാരം കാണാനാവാതെ പോകുന്ന രക്ഷിതാക്കള്‍ ഇതില്‍ വലിയ കുറ്റമാണു ചെയ്യുന്നത്.
എല്ലാം നശിപ്പിച്ച ലഹരി
പ്ലസ്ടു വിദ്യാര്‍ഥിയായിരുന്ന ഷാജി വീട്ടുകാരുടെ പ്രതീക്ഷയായിരുന്നു. അവന്‍ നന്നായി പഠിക്കുന്നതിനാല്‍ ഉയരങ്ങളിലെത്തുമെന്നതില്‍ അവര്‍ക്കു സംശയമുണ്ടായിരുന്നില്ല. പ്രസംഗകലയിലും പ്രാവീണ്യമുള്ളവനായിരുന്നു. ഷാജി ആദ്യമായി ലഹരി ഉപയോഗിച്ചതു ഗോവയിലേയ്ക്കുള്ള തന്റെ പ്ലസ്ടു വിദ്യാര്‍ഥികളുടെ വിനോദസഞ്ചാര വേളയിലാണ്. ഗോവയില്‍നിന്നു വരുന്ന വഴിക്ക് കേരളത്തില്‍ ലഭ്യമല്ലാത്ത പല ലഹരിമരുന്നുകളും അവന്‍ പരിചയപ്പെട്ടു. ഇതെല്ലാം ഡോക്ടറുടെ കുറിപ്പില്ലാതെ അവിടെ ലഭിക്കുമായിരുന്നു.
ആദ്യം ഉപഭോക്താവും പിന്നെ വിതരണക്കാരനുമായി മാറി. കോഴിക്കോട്ടെ ഒരു പ്രമുഖകോളജില്‍ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായിരിക്കെ അവന്‍ ലഹരിക്ക് അടിപ്പെട്ടുപോയിരുന്നു. കോളജിലെ അമ്പതോളെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ അവന്റെ കസ്റ്റമര്‍മാരാണ്. പലപ്പോഴും കൂട്ടുകാരൊത്തുള്ള യാത്രയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചു. ആണ്‍കുട്ടികളായിരുന്നു സ്ഥിരം ഉപയോക്താക്കള്‍, രസത്തിനു വേണ്ടി ചില പെണ്‍കുട്ടികളും അവര്‍ക്കൊപ്പം കൂടി.
കഞ്ചാവുപയോഗിക്കുന്ന മറ്റൊരു കോളജിലെ കുട്ടികളുമായി ഇവര്‍ക്കു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. ഒന്നിച്ചുള്ള യാത്രകളില്‍ ചിലപ്പോഴെല്ലാം പെണ്‍കുട്ടികള്‍ ഇവരുമായും ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. അത്ഭുതപ്പെടുത്തുന്ന മാറ്റൊരു കാര്യം ഇവര്‍ ക്ലാസില്‍ കുഴപ്പക്കാരോ പഠനത്തില്‍ മോശക്കാരോ അല്ലെന്നതാണ്. പക്ഷേ ലഹരിക്കു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്.
സംശയം തോന്നിയ കോളജ് അധികൃതര്‍ അവരില്‍ ചിലരെ ചോദ്യം ചെയ്തു. ശക്തമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ നര്‍ക്കോട്ടിക് വിഭാഗത്തെ അറിയിച്ചു. അവര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എക്‌സൈസിന്റെയും, നര്‍കോട്ടിക് വിഭാഗത്തിന്റെയും ശക്തമായ ഇടപെടലുകള്‍ ലഹരിയുടെ അതിപ്രസരത്തില്‍നിന്ന് ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാന്‍ ആ കോളജിന് കഴിഞ്ഞിട്ടുണ്ട്. ഷാജി ഇപ്പോള്‍ കോളജിലില്ല. അവന്‍ തികച്ചും അപകടകരമായവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."