HOME
DETAILS

ശാന്തിതീരം തേടുന്ന കശ്മിര്‍

  
backup
January 03 2018 | 20:01 PM

peace-follow-kashmir-spm-today-articles

അതിര്‍ത്തിയില്‍ വെടിയൊച്ച നിലയ്ക്കാതെ 2017 കടന്നുപോയി. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പിന്‍ബലത്തോടെ പി.ഡി.പി നേതാവ് ബീഗം മെഹബൂബ മുഫ്തി ജമ്മുകശ്മിരില്‍ അധികാരം കൈയാളിയിട്ടും നിയന്ത്രണരേഖയില്‍ ഇന്ത്യാ-പാക് പോരാട്ടം ദിവസവും നടക്കുന്നു. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പട്ടാളക്കാരെ വെടിവച്ചു വീഴ്ത്തുകയും മൃതദേഹംപോലും അലങ്കോലപ്പെടുത്തുകയും ചെയ്തിട്ടും പാകിസ്താന്റെ ധാര്‍ഷ്ട്യം അവസാനിച്ചിട്ടില്ല. ചാരവൃത്തി ആരോപിച്ചു വധശിക്ഷ വിധിച്ചു ജയിലിലടച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ ഭാര്യയോടും അമ്മയോടും മോശമായി പെരുമാറിയ പാക്ഭരണകൂടം ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണു നല്‍കുന്നത്.
കശ്മിരിനെ സ്വതന്ത്രമാക്കണമെന്ന കടുംപിടിത്തത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പാക്ഭരണകൂടം. അതു നടപ്പാക്കിയെടുക്കാന്‍ അവര്‍ ചാവേറുകളെ അയക്കുന്നു. ലഷ്‌കറെ ത്വയ്ബ, ഹിസ്ബുല്‍ മുജാഹിദീന്‍, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ പേരുകളില്‍ കശ്മിരില്‍ ഭീകരസംഘടനകളെ വളര്‍ത്തിയെടുക്കുന്നു.


പാക് പട്ടാളം അതിര്‍ത്തികടന്നു കൂട്ടക്കൊല നടത്തിയതു മാസങ്ങള്‍ക്കുമുമ്പാണ്. ഇന്ത്യ മിന്നലാക്രമണം നടത്തി അവരുടെ കുറേയേറെ സൈനികരെ കൊന്നൊടുക്കിയിട്ടും പാകിസ്താന്‍ പാഠംപഠിച്ചിട്ടില്ല. അവിഭക്തഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണ്‍ ഇന്ത്യന്‍ നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മിരിനെ ഇന്ത്യയോടു ചേര്‍ക്കുകയായിരുന്നുവെന്ന പഴയപാട്ടു തന്നെയാണ് അവര്‍ ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ പാടിക്കൊണ്ടിരിക്കുന്നത്.
അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങള്‍ ഇന്ത്യയില്‍ ലയിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഹരിസിങ് മഹാരാജാവ് 1947 ഒക്ടോബര്‍ 26ന് ഒപ്പിട്ടു നല്‍കിയ അന്തിമപ്രമാണത്തിലാണു ജമ്മുകശ്മിര്‍ ഇന്ത്യയുടെ ഭാഗമായതെന്ന യാഥാര്‍ഥ്യം പാകിസ്താന്‍ ബോധപൂര്‍വം മറക്കുന്നു. 22 ജില്ലകളും 75 പട്ടണങ്ങളുമുള്ള ഈ താഴ്‌വര ഇന്ന് അര ഡസന്‍ ലോക്‌സഭാ മണ്ഡലങ്ങള്‍കൂടി ഉള്‍പ്പെട്ട ഇന്ത്യന്‍ സംസ്ഥാനമാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ചൈന എന്നീ രാജ്യങ്ങളോടു തൊട്ടുരുമ്മി നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം.
കശ്മിരില്‍ ഭൂരിപക്ഷം മുസ്‌ലിംകളായതുകൊണ്ടുതന്നെ അത്രയും ഇസ്‌ലാം മതവിശ്വാസികളെ ഇന്ത്യക്കു നഷ്ടപ്പെട്ടുകൂടാ എന്നാണ് കോണ്‍ഗ്രസ് നേതാവായ മൗലാനാ അബുല്‍ കലാം ആസാദ് മുതല്‍ മുസ്‌ലിം ലീഗ് നേതാവായ മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് വരെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം നമ്മെ വിട്ടുപിരിഞ്ഞ മുസ്‌ലിംലീഗ് ദേശീയപ്രസിഡന്റ് ഇ.അഹമ്മദ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധിയായി ചെന്നപ്പോഴൊക്കെ അതേ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഇന്ത്യ ഗവണ്‍മെന്റ് പ്രത്യേക ഭരണഘടനാനുകൂല്യവും ഒരുപാടു സൗജന്യങ്ങളും സൗകര്യങ്ങളും നല്‍കിയാണു ജമ്മുകശ്മിരിനെ സംരക്ഷിക്കുന്നത്. ടൂറിസം മേഖലയൊഴിച്ചാല്‍ വിദ്യാഭ്യാസ, തൊഴില്‍, വ്യവസായ മേഖലകളിലൊന്നും ആ ആനുകൂല്യങ്ങള്‍ ശരിയായ തരത്തില്‍ എത്തുന്നില്ലെന്നതു സത്യം. അതിലുള്ള പ്രതിഷേധം അവിടെ ക്ഷുഭിതയൗവനത്തിനു വളക്കൂറായി മാറുന്നുണ്ട്.


ശൈഖ് അബ്ദുല്ല പിതൃത്വം നല്‍കിയ നാഷനല്‍ കോണ്‍ഫറന്‍സിനു പിന്നാലെ, മുഫ്തി മുഹമ്മദ് സഈദിന്റെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണചക്രം തിരിക്കാനിറങ്ങിയിട്ടും വലിയ മാറ്റങ്ങള്‍ ജനമനസ്സുകളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതിര്‍ത്തിക്കപ്പുറത്തു നിന്നെന്നപോലെ സംസ്ഥാനത്തിനകത്തും പൊട്ടലും ചീറ്റലും സര്‍വസാധാരണം. സ്ത്രീകളും കൊച്ചുകുട്ടികളുമടക്കം വലിയ ജനസഞ്ചയം പൊലിസിനെയും പട്ടാളത്തെയും വെല്ലുവിളിച്ചു തെരുവിലിറങ്ങുന്നു.
അവരെ നേരിടാനുള്ള വഴികള്‍ കണ്ടെത്താനാവാതെ പട്ടാളം മുന്‍ പിന്‍ നോക്കാതെ നിറയൊഴിക്കുന്നു. കവണിയില്‍ കെട്ടി കല്ലെറിയുന്നവര്‍ക്കെതിരേ പൊലിസ് കല്‍ചീളു നിറച്ച വെടിവയ്ക്കുന്നു. പാര്‍ട്ടിയുടെ സ്ഥാപകാംഗം കൂടിയായ താരിഖ് അഹമ്മദ് ഖാറ എന്ന പാര്‍ലമെന്റംഗം രാജിവയ്ക്കുകയും രണ്ടു മന്ത്രിമാര്‍ സ്ഥാനമൊഴിയുകയും ചെയ്തിട്ടും നയംമാറ്റാന്‍ കഴിയാതെ വനിതാ മുഖ്യമന്ത്രി ഡല്‍ഹിയെ നോക്കിയിരിക്കുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഒന്നരവര്‍ഷം മുന്‍പ് സംസ്ഥാനത്തു പര്യടനം നടത്തിയ 30 അംഗ എം.പിമാരുടെ സംഘത്തിനുപോലും പൊലിസിന്റെയും പട്ടാളത്തിന്റെയും ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ കഥകളാണു കേള്‍ക്കാന്‍ കഴിഞ്ഞത്. കേരളത്തില്‍നിന്നുള്ള ഇ.അഹമ്മദും എന്‍.കെ പ്രേമചന്ദ്രനും ഉള്‍പ്പെട്ട സംഘമായിരുന്നു അത്.
ഝലം നദീതീരത്ത് ഷാനവാസ് ഖതാന എന്ന അറുപത്തെട്ടുകാരന്റെയും ശ്രീനഗറില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ശബീര്‍ അഹമ്മദ് എന്ന 32 വയസ്സായ അധ്യാപകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ഒരു പ്രക്ഷോഭത്തിലും പങ്കെടുത്തതിനു തെളിവില്ലായിരുന്നു. നവാ ബസാറില്‍ ജുനൈദ് അഹമ്മദ് എന്ന എട്ടുവയസ്സുകാരനു വെടിയേറ്റതു ബഹളം നടക്കുന്നതുകേട്ടു വീടിന് പുറത്തുവന്നു നോക്കുന്ന അവസരത്തിലായിരുന്നു. പതിനൊന്നുകാരനായ നാസിര്‍ അഫീഖിന്റെ മൃതദേഹം ശ്രീനഗറില്‍ കണ്ടതു നിറയെ കരിങ്കല്‍ച്ചീളുകള്‍കൊണ്ട നിലയിലായിരുന്നു. പന്ത്രണ്ടുകാരനായ ജുനൈദ് അഹമ്മദിന്റെ ശ്മശാനയാത്ര കാണാന്‍പോലും പൊലിസ് സമ്മതിച്ചില്ലെന്ന് ആ ബാലന്റെ മാതാപിതാക്കള്‍ കരച്ചിലടക്കാനാവാതെ പറയുന്നു.


ഷോപ്പിയാനില്‍ വീടിന്റെ ജനല്‍വഴി പുറത്തുനോക്കവേയാണു തനിക്കു വെടിയേറ്റതെന്നു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു പെണ്‍കുട്ടി തന്നോടു പറഞ്ഞതായി സി.പി.എം നേതാവ് വൃന്ദാകാരാട്ട് വെളിപ്പെടുത്തുകയുണ്ടായി.
ശ്രീനഗറില്‍ ക്രിക്കറ്റ് കളിക്കവേയാണു ഒന്‍പതുകാരനായ ഇര്‍ഫാന്‍ അഹമ്മദിനു വെടിയേറ്റത്. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ഭരിക്കുന്ന വേളയില്‍ കരിങ്കല്‍ചീളുകള്‍ തോക്കിലിട്ടു വെടിവയ്ക്കുന്നതിനെതിരേ ശക്തമായി പ്രതിഷേധിച്ച മെഹബൂബ മുഫ്തിയുടെ ഭരണത്തിലാണ് ഇതൊക്കെ നടന്നത്.
സഹികെട്ട ജനം പൊലിസിനെ കണ്ടിടത്തുവച്ചു ആക്രമിക്കുന്നുണ്ടെന്നതു സത്യം. രാജ്പുത്താന റൈഫിള്‍സില്‍ ഓഫീസറായി ചേര്‍ന്ന ്അഞ്ചുമാസം മാത്രം കഴിഞ്ഞ് ലീവില്‍ വന്ന ഉമര്‍ ഫയാസ് എന്ന ഇരുപത്തിമൂന്നുകാരനെ തങ്ങളുടെ നാട്ടുകാരനാണെന്നു പോലും നോക്കാതെ അക്രമികള്‍ വെടിവച്ചുകൊന്നു. സര്‍ക്കാര്‍ സര്‍വീസിലുള്ള വേറെ രണ്ടുപേര്‍ക്കും ഇതേ വിധിയാണുണ്ടായത്.


കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ടും പെല്ലറ്റ് വര്‍ഷം നടത്തിയിട്ടും പിന്തിരിയാതെ കല്ലുകളുമായി തങ്ങളെ നേരിട്ട ജനക്കൂട്ടത്തിനെതിരേയാണു കടുത്ത നടപടിയെടുക്കുന്നതെന്നാണു പൊലിസ് അധികാരികള്‍ പറയുന്നത്. കല്ലേറുകള്‍ക്കെതിരായ പ്രതിരോധം എന്ന പേരില്‍ പുരുഷാരത്തെ നേരിടാന്‍ ഫാറൂഖ് അഹമ്മദ് എന്ന ഒരു നെയ്ത്തുകാരനെ പിടികൂടി പൊലിസ് ജീപ്പിന്റെ ബോണറ്റില്‍ കെട്ടി രാവിലെ മുതല്‍ രാത്രി വരെ 28 കിലോമീറ്റര്‍ ചുറ്റിക്കറക്കിയ ക്രൂരവിനോദത്തെ ഐ.ജി ന്യായീകരിക്കുകയും ചെയ്യുന്നു.
കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ബി.ജെ.പി പ്രധാനമന്ത്രി എ.ബി വാജ്‌പേയിയും സൂചിപ്പിച്ച പോലെ കശ്മിര്‍ ജനതയുമായുള്ള തുറന്ന സംഭാഷണംകൊണ്ടു മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂവെന്ന് പല നേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞതാണ്. വൈകിയാണെങ്കിലും കേന്ദ്രസര്‍ക്കാരിനു ബോധോദയമുണ്ടായി. പ്രത്യേക ദൂതനായി ദിനേശ്വര്‍ ശര്‍മയെന്ന ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെട്ടിരിക്കുന്നു.


കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന ഈ ബിഹാറുകാരനുമായി സംഭാഷണം നടത്താന്‍ ചിലര്‍ വിസമ്മതിച്ചിട്ടുണ്ടെങ്കിലും 1979 ബാച്ചിലെ കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയിക്കണമേയെന്നാണു സമാധാന കാംക്ഷികള്‍ ആഗ്രഹിക്കുന്നത്.
കാരണം, ഈ വര്‍ഷം തന്നെ 900 തവണയെങ്കിലും അതിര്‍ത്തിക്കപ്പുറത്തുനിന്ന് നുഴഞ്ഞുകയറ്റമുണ്ടായതായി കണക്കുകള്‍ പറയുന്നു. പാകിസ്താന് ഇനി ഇന്ത്യയില്‍ ഒരു പക്ഷിയെപ്പോലും കൊല്ലാന്‍ കഴിയില്ലെന്ന് അധികാരാരോഹണാവസരത്തില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി അധികാരക്കസേരയിലിരിക്കുമ്പോഴാണു വീണ്ടും നമ്മുടെ വീരജവാന്മാര്‍ വെടിയേറ്റ് മരിക്കുന്നത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍പോലും പാകിസ്താന്റെ കറുത്ത കൈകളെന്ന് ആരോപിച്ച കേന്ദ്രഭരണകൂടം, ദിനേശ്വര്‍ശര്‍മയ്ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കുകയാണെങ്കില്‍ ചര്‍ച്ചാവിജയം അകലെയൊന്നുമല്ല.


പുതുവര്‍ഷം അതിനുള്ള അവസരമാകട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറന്നുയര്‍ന്ന് സീപ്ലെയിന്‍; ഇടുക്കിയിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

Kerala
  •  a month ago
No Image

വില കുതിക്കുന്നു : ഇനി അടുക്കള സമരം

Kerala
  •  a month ago
No Image

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

Kerala
  •  a month ago
No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago