ദലിതര്‍ക്കുനേരെയുള്ള അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ്: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഭീമ-കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിനിടെ ദലിതര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ്. സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ പറഞ്ഞു. പൂനെയിലെ ദലിത് വിരുദ്ധ കലാപം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന്് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. മോദി മൗനിബാബയായി തുടരുകയാണെന്ന് ഖാര്‍ഗെ പരിഹസിച്ചു. തീവ്രഹിന്ദുത്വവാദവുമായി രംഗത്തുള്ള ആര്‍.എസ്.എസ് രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഘടിപ്പിക്കുകയാണ്.
ബി.ജെ.പി അധികാരത്തിലുള്ള സ്ഥലങ്ങളിലെല്ലാം ഇതുതന്നെയാണ് സ്ഥിതിയെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ബി.ജെ.പി അധികാരത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലും കടുത്ത അനീതിയാണ് നിലനില്‍ക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന് സുപ്രിം കോടതി ജഡ്ജിയെ നിയോഗിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാകാത്ത പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വന്ന് ഇതേക്കുറിച്ച് പ്രസ്താവന നടത്തണം. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി ഒന്നും ഉരിയാടാതെ നോക്കിനില്‍ക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു
അതേസമയം, കോണ്‍ഗ്രസ് ആണ് രാജ്യത്തെ വിഘടിപ്പിച്ചു ഭരിക്കുന്ന രീതിക്ക് തുടക്കമിട്ടതെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. വിഘടിപ്പിച്ചു ഭരിക്കുന്ന രീതിയിലൂടെ ജനങ്ങള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. ഇതില്‍നിന്നെല്ലാം മാറി രാജ്യത്തെ ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ടുപോകാനുള്ള ശ്രമമാണ് പ്രധാനമന്ത്രി മോദി നടത്തുന്നതെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്തകുമാര്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."