ബാര്‍ കോഴക്കേസ്; അന്തിമ റിപ്പോര്‍ട്ട് നല്‍കിയത് അന്വേഷണം പൂര്‍ത്തിയാക്കാതെയെന്ന് എസ്.പി സുകേശന്‍
കൊച്ചി: മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി സമയപരിധി നിശ്ചയിച്ചിരുന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാതെയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്ന് വിജിലന്‍സ് എസ്.പി ആര്‍ സുകേശന്‍.
തെളിവുകളുടെ ശാസ്ത്രീയ പരിശോധനയെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായവും ലഭ്യമാക്കിയില്ല. ഇതിനാലാണ് വീണ്ടും തുടരന്വേഷണം വേണ്ടി വന്നതെന്ന് സുകേശന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരേ കെ.എം മാണി നല്‍കിയ ഹരജിയില്‍ രണ്ടാമതും അന്വേഷിക്കേണ്ട സാഹചര്യവും തെളിവുകളും വ്യക്തമാക്കാന്‍ ഹൈക്കോടതി ജനുവരി 13 ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സുകേശന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ അക്കൗണ്ട്‌സ് രേഖകള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും അസോസിയേഷന്‍ ഭാരവാഹികളുടെ സംഭാഷണങ്ങളടങ്ങിയ ഒരു ഫോണും മെമ്മറി കാര്‍ഡും പിടിച്ചെടുത്തിരുന്നു.
ഇതു പരിശോധനയ്ക്കായി ഫോറന്‍സിക് ലാബില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇനിയും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. അസോസോസിയേഷന്‍ ഭാരവാഹികളുടെ ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കാന്‍ ഹൈ ടെക് സെല്ലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത തെളിവുകളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടി വന്നാല്‍ അഹമ്മദാബാദിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് അയക്കേണ്ടി വരുമെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."