തൃണമൂലിനു വേണ്ടി കേന്ദ്ര ഐ.ബി ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയെന്ന് കെ.എന്‍ രാമചന്ദ്രന്‍
ന്യൂഡല്‍ഹി: കര്‍ഷകസമരത്തില്‍ പങ്കെടുക്കാനായി കൊല്‍ക്കത്തയിലെത്തിയ തന്നെ തൃണമൂല്‍കോണ്‍ഗ്രസിനു വേണ്ടി കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സി.പി.എം.എല്‍ (റെഡ്സ്റ്റാര്‍) ദേശീയ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രന്‍.
ഞായറാഴ്ച വൈകീട്ടോടെ തന്നെ പിടികൂടി രഹസ്യകേന്ദ്രത്തിലേക്കു കൊണ്ടുപോയ ശേഷം തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് വിട്ടയച്ചത്. ഫോണും കൈയിലുണ്ടായിരുന്ന 3000 രൂപയും പൊലിസ് എടുത്തുവെന്നും അവ ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിന്നീട് മറ്റൊരു പേരിലുള്ള ട്രെയിന്‍ ടിക്കറ്റ് നല്‍കിയശേഷം രാജധാനി എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്ക് ബലമായി കയറ്റി വിടുകയായിരുന്നുവെന്നും രാമചന്ദ്രന്‍ പറഞ്ഞു.
ലഖ്‌നോയില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് 5.15നാണ് കൊല്‍ക്കത്തയിലെത്തിയത്. സ്റ്റേഷനിലൂടെ നടക്കുമ്പോള്‍ ഒരു സംഘം വന്ന് കണ്ണും വായും മൂടിക്കെട്ടി ഒരു കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒരുമണിക്കൂറോളം സഞ്ചരിച്ച ശേഷം ഒരു കെട്ടിടത്തില്‍ എത്തിച്ചു. പെട്ടിയും മൊബൈല്‍ഫോണും പിടിച്ചുവാങ്ങി.
ശരീരപരിശോധന നടത്തി. വിനോദ് എന്ന് പേരുള്ള മലയാളി ഉദ്യോഗസ്ഥനാണ് ചോദ്യം ചെയ്തതെന്നും അവരുടെ ഉന്നത ഉദ്യോഗസ്ഥരെ കാണണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കര്‍ഷക പ്രക്ഷോഭം നടക്കുന്ന ബന്‍ഗറിലെ പരിപാടിയില്‍ നിങ്ങള്‍ ചെല്ലുന്നത് അവിടെ പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കുമെന്ന് അവര്‍ പറഞ്ഞു.
തന്റെ കുടുംബവുമായോ സുഹൃത്തുക്കളുമായോ സംസാരിക്കാനും അനുവദിച്ചില്ല. പിറ്റെ ദിവസം ഉച്ചയ്ക്ക് ശേഷം കണ്ണുമൂടിക്കെട്ടി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ പശ്ചിമബംഗാള്‍ തലവനെന്ന് സ്വയം വിശേഷിപ്പിച്ച ആളുടെ അടുക്കല്‍ കൊണ്ടുപോയി.
മൂന്നു മണിക്കൂര്‍ യാത്ര ചെയ്താണ് അവിടെ എത്തിയത്. തന്റെ ചോദ്യങ്ങള്‍ക്കൊന്നും അവര്‍ മറുപടി പറഞ്ഞില്ല. ഗുണ്ടകളെപോലെയായിരുന്നു പെരുമാറ്റം. ഇതിനു ശേഷമാണ് ബലംപ്രയോഗിച്ചു ഡല്‍ഹിയിലേക്കുള്ള തീവണ്ടിയില്‍ കയറ്റിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ജനകീയ പ്രക്ഷോഭമായ ബന്‍ഗര്‍ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പറഞ്ഞ കെ.എന്‍ രാമചന്ദ്രന്‍, തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടി കേന്ദ്ര ഐ.ബി തന്നെ തട്ടിക്കൊണ്ടുപോയത് എന്തിനാണെന്ന് അറിയില്ലെന്നും ഉടന്‍ കൊല്‍ക്കത്തയിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."