നിയമസഭ വജ്രജൂബിലി ആഘോഷം; ഇ.എം.എസിന്റെ 'പ്രതിയോഗി' ടി.വി കോരന്‍ ഓര്‍ത്തെടുക്കുന്നു, ആ പഴയ രഹസ്യ ചര്‍ച്ച
തൃക്കരിപ്പൂര്‍: പ്രായം 93ലെത്തി. ശാരീരിക അവശതകളുമുണ്ട്. എങ്കിലും ആ രഹസ്യ ചര്‍ച്ചയുടെ ഓര്‍മകള്‍ വിട്ടൊഴിയുന്നില്ല ഇ.എം.എസിന്റെ 'പ്രതിയോഗി' തൃക്കരിപ്പൂരിലെ ടി.വി കോരന്. കേരള നിയമസഭ വജ്രജൂബിലി ആഘോഷം ജില്ലാതല പരിപാടി ഇന്നു നീലേശ്വരത്ത് തുടങ്ങാനിരിക്കെ ആറുപതിറ്റാണ്ട് പിന്നിലേക്ക് ആ രഹസ്യ ചര്‍ച്ചയുടെ പിന്നാമ്പുറങ്ങളിലേക്കു മനസ് പായിക്കുകയാണ് ടൗണിലെ ടി.വി നിലയത്തിലിരുന്നു ടി.വി കോരന്. കേരള രൂപീകരണത്തിനു ശേഷം നടത്തിയ പ്രഥമ തെരഞ്ഞെടുപ്പില്‍ നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു 34കാരനായ കോരന്‍. എതിരാളി സാക്ഷാല്‍ ഇ.എം.എസും. ഗോദയില്‍ കോണ്‍ഗ്രസുമുണ്ടായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ തിരുമുമ്പായിരുന്നു അവരുടെ സ്ഥാനാര്‍ഥി. പി.എസ്.പിയും കോണ്‍ഗ്രസും നടത്തിയ ചര്‍ച്ചയില്‍ ഉണ്ണിക്കൃഷ്ണന്‍ തിരുമുമ്പിനെ പിന്‍വലിക്കാനും കോരനെ ഐക്യ സ്ഥാനാര്‍ഥിയാക്കാനും ധാരണയായി. പക്ഷേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍ തിരുമുമ്പ് മത്സര രംഗത്തുനിന്നു പിന്മാറാന്‍ തയാറായില്ല. തെരഞ്ഞെടുപ്പില്‍ ഇ.എം.എസ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന്‍ തിരുമുമ്പ് പിന്‍വാങ്ങുകയും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ തനിക്കു ലഭിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇ.എം.എസും കല്ലളന്‍ വൈദ്യരും പരാജയപ്പെടുമായിരുന്നുവെന്ന് ടി.വി കോരന്‍ ഓര്‍ത്തെടുക്കുന്നു. ഒരുവേള പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭതന്നെ അധികാരത്തില്‍ വരില്ലായിരുന്നു.
മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റത്. നീലേശ്വരത്തുനിന്ന് രണ്ടുപേര്‍ കുറയുമ്പോള്‍ മറുപക്ഷത്ത് രണ്ടുസീറ്റ് കൂടും. ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടാകുമായിരുന്നില്ല.
കാസര്‍കോട് ജില്ലയിലെ നീലേശ്വരം മുതല്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് വരെ നീളുന്നതായിരുന്നു അന്ന് നീലേശ്വരം ദ്വയാംഗ മണ്ഡലം. ഒരു പൊതുസീറ്റും ഒരു സംവരണ സീറ്റും ഉള്‍പ്പെട്ടതാണ് ദ്വയാംഗ മണ്ഡലം. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇ.എം.എസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നീലേശ്വരത്ത് പൊതുസീറ്റിലും കല്ലളന്‍ വൈദ്യരെ സംവരണ സീറ്റിലും നിര്‍ത്തി. കോണ്‍ഗ്രസ് ഉണ്ണികൃഷ്ണന്‍ തിരുമുമ്പിനെ പൊതുസീറ്റിലും പി. അച്ചുത കൊയയെ സംവരണ സീറ്റിലും നിര്‍ത്തി. പി.എസ്.പിക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ ആളെക്കിട്ടാത്തതിനാല്‍ പ്രാദേശിക യുവനേതാവായിരുന്ന ടി.വി കോരന്റെ ശ്രമഫലമായി നാദാപുരത്തു നിന്ന് എം.പി മാധവനെ കൊണ്ടുവന്നാണ് പത്രിക കൊടുപ്പിച്ചത്. സൂക്ഷ്മപരിശോധനയില്‍ എം.പി മാധവന്റെ പത്രിക തള്ളി. ഇത് കോണ്‍ഗ്രസും പി.എസ്.പിയുമായുള്ള രഹസ്യ ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തെിച്ചു. കോണ്‍ഗ്രസിന്റെ സംവരണ സ്ഥാനാര്‍ഥിക്ക് പി.എസ്.പി വോട്ടുചെയ്യും. പകരം കോണ്‍ഗ്രസ് പൊതുസ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.എസ്.പിയുടെ ടി.വി കോരനു വോട്ടുചെയ്യണം. നേതൃതലത്തില്‍ ഏകദേശ ധാരണയായെങ്കിലും കോണ്‍ഗ്രസിലെ ഉണ്ണികൃഷ്ണന്‍ തിരുമുമ്പ് പിന്മാറാന് തയാറാകാത്തതോടെ ധാരണ പൊളിഞ്ഞു. അങ്ങനെ അഞ്ചു സ്ഥാനാര്‍ഥികളും മത്സരരംഗത്ത് സജീവമായി. നിയമസഭാ വജ്രജൂബിലി ആഘോഷ പരിപാടിയില്‍ ആദ്യ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ടി.വി കോരന് ഇന്ന് ആദരവ് നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നതായി കോരന്‍ പറഞ്ഞു.
നിയമസഭയുടെ വജ്രജൂബിലി ആഘോഷ വേളയില്‍ കോണ്‍ഗ്രസുകാരനായ കോരന് ഇപ്പോഴത്തെ രാഷ്ടീയ പ്രവര്‍ത്തനത്തോട് അത്ര മതിപ്പില്ല. തനിക്ക് എന്തുകിട്ടുമെന്നതാണ് ഭൂരിഭാഗം രാഷ്ടിയ പ്രവര്‍ത്തകരുടെയും ചിന്ത. എന്നാല്‍ പഴയകാലത്ത് മറ്റുള്ളവര്‍ക്ക് എന്തുകൊടുക്കാന്‍ കഴിയുമെന്ന ചിന്തയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."