കാല്‍ നൂറ്റാണ്ടിലെ വികസനം അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കും: പി.വി അന്‍വര്‍
നിലമ്പൂര്‍: കഴിഞ്ഞ 25 വര്‍ഷം കൊണ്ടു നിലമ്പൂരില്‍ നടപ്പാക്കിയ വികസനങ്ങള്‍ വരുന്ന അഞ്ചുവര്‍ഷം കൊണ്ടു നടപ്പാക്കുമെന്നു നിയുക്ത എംഎല്‍എ പി.വി അന്‍വര്‍. കാളികാവില്‍ ബൈക്കപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരിന്റെ സമഗ്ര വികസനത്തിന് എല്ലാ വിഭാഗം ആളുകളെയും ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുക. വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാക്കും. അടുക്കും ചിട്ടയുമില്ലാത്ത പ്രവര്‍ത്തനങ്ങളാണു നിലമ്പൂരില്‍ നടന്നത്. നിലമ്പൂര്‍ ബൈപാസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചു കഴിഞ്ഞു. വന്യമൃഗശല്യം മൂലം ദുരിതത്തിലായ മലയോര കര്‍ഷകരെ സംരക്ഷിക്കുന്നതിനു ബജറ്റില്‍ തുക കണ്ടെത്താന്‍ ശ്രമം നടത്തും.
ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്കു മുന്‍ഗണനാ ക്രമത്തില്‍ നടപടികളെടുക്കും. നിലമ്പൂര്‍ വുഡ് കോംപ്ലക്‌സ് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നു ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും.
തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥലവും സാമഗ്രികളും ഉപയോഗിച്ചു മറ്റേതെങ്കിലും തരത്തിലുള്ള വ്യവസായ സംരംഭം ആരംഭിക്കുവാന്‍ സാധിക്കുമോ എന്നും ആരായും.
സംസ്ഥാന സര്‍ക്കാര്‍ അഞ്ചുകൊല്ലം കൊണ്ട് 25ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമ്പോള്‍ അതില്‍ ഒരു വിഹിതം നിലമ്പൂരിലേക്കും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."