ഇറാനി കപ്പ് റസ്റ്റ് ഓഫ് ഇന്ത്യക്ക്
മുംബൈ: ഇറാനി കേപ്പ് ക്രിക്കറ്റ് കിരീടം റസ്റ്റ് ഓഫ് ഇന്ത്യ സ്വന്തമാക്കി. രഞ്ജി ചാംപ്യന്‍മാരായ ഗുജറാത്തിനെ ആറു വിക്കറ്റിനു കീഴടക്കിയാണ് റസ്റ്റ് വിജയിച്ചത്. വിജയത്തിനാവശ്യമായ 379 റണ്‍സിലേക്കു ബാറ്റു വീശിയ റസ്റ്റ് ഓഫ് ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇരട്ട സെഞ്ച്വറി (പുറത്താകാതെ 203) നേടിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടേയും സെഞ്ച്വറി (പുറത്താകാതെ 116) നേടിയ നായകന്‍ ചേതേശ്വര്‍ പൂജാരയുടേയും കിടയറ്റ ഇന്നിങ്‌സുകളാണ് റസ്റ്റിന്റെ വിജയം അനായാസമാക്കിയത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 63 എന്ന നിലയില്‍ പരുങ്ങിയ റസ്റ്റിനെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പൂജാര- സാഹ സഖ്യം വിജയത്തീരത്തെത്തിക്കുകയായിരുന്നു.
പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 316 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണു തീര്‍ത്തത്. സാഹ 272 പന്തുകള്‍ നേരിട്ട് 26 ഫോറുകളും ആറു സിക്‌സറുകളും പറത്തിയപ്പോള്‍ 238 പന്തില്‍ 16 ഫോറുകളുടെ അകമ്പടിയുമായാണ് പൂജാര മറ്റേയറ്റം കാത്തത്.
നാലു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെന്ന ശക്തമായ നിലയില്‍ അഞ്ചാം ദിനം തുടങ്ങിയ റസ്റ്റ് വിജയമുറപ്പിച്ചാണിറങ്ങിയത്. പൂജാര- സാഹ സഖ്യം നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് സ്വന്തമാക്കിയ ശേഷമാണ് ഗുജറാത്ത് തോല്‍വി വഴങ്ങിയത്. ഗുജറാത്ത് ഒന്നാം ഇന്നിങ്‌സില്‍ 358 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 246 റണ്‍സുമാണെടുത്തത്. റസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 226 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ സാഹയാണു കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."