സഞ്ചാരികള്‍ വര്‍ധിച്ചു; അസൗകര്യങ്ങള്‍ ടൂറിസം മേഖലക്ക് തിരിച്ചടിയാകുന്നു പത്ത് ദിവസം ജില്ലയിലെത്തിയത് ഒരു ലക്ഷത്തിലധികം സഞ്ചാരികള്‍
മാനന്തവാടി: ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെങ്കിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ അസൗകര്യങ്ങള്‍ ടൂറിസം മേഖലക്ക് തിരിച്ചടിയാകുന്നു. കടുത്ത നിയന്ത്രണങ്ങളും കേന്ദ്രങ്ങളിലെ വിനോദോപാദികള്‍ പ്രവര്‍ത്തന രഹിതമായതും മേഖലയില്‍ നിന്നുള്ള വരുമാനം കുറക്കുകയാണ്.
ഇക്കഴിഞ്ഞ ഡിസംബര്‍ 22 മുതല്‍ 31 വരെ ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് ജില്ല സന്ദര്‍ശിച്ചത്.
ഇക്കാലയളവില്‍ ഡി.ടി.പി.സിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായ പൂക്കോട്, കര്‍ലാട്, എടക്കല്‍, കുറുവാ ദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് 27,62,720 രൂപയാണ് വരുമാനം ലഭിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ 88,185 പേരാണ് ഇവിടങ്ങള്‍ സന്ദര്‍ശിച്ചത്.
എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കുറുവാ ദ്വീപില്‍ വരുമാനത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ദ്വീപ് സന്ദര്‍ശിക്കാനാകാതെ മടങ്ങിയത്.
47,054 പേര്‍ സന്ദര്‍ശിച്ച പൂക്കോട് തടാകമാണ് വരുമാനത്തില്‍ മുന്നില്‍.
14,04,030 രൂപയാണ് വരുമാന ഇനത്തില്‍ ലഭിച്ചത്. എടക്കല്‍ ഗുഹ- 9,86,730 രൂപ, കര്‍ലാട് തടാകം- 3,11,960 രൂപ എന്നിങ്ങനെയാണ് വരുമാനം. ഇവിടങ്ങളില്‍ യഥാക്രമം 33131, 6000 പേരാണ് സന്ദര്‍ശനം നടത്തിയത്.
കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കുറുവാ ദ്വീപില്‍ ഡി.ടി.പി.സിക്ക് ഈ കാലയളവിനുള്ളില്‍ 60,000 രൂപ മാത്രമാണ് ലഭിച്ചത്. കര്‍ലാട് തടാകത്തിലെ സിപ്പ് ലൈന്‍ തകരാറിലായതിനാലാണ് വരുമാനത്തിലും കുറുവുണ്ടായത്.
വനം വകുപ്പിന്റെ കീഴിലുള്ള തോല്‍പ്പെട്ടി, മുത്തങ്ങ വന്യജീവി സങ്കേതങ്ങള്‍, സൂചിപ്പാറ ഇക്കോ ടൂറിസം സെന്റര്‍, ചെമ്പ്ര എന്നിവിടങ്ങളിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ സര്‍ക്കാറിന് ലഭിച്ച വരുമാനത്തിലും ക്രിസ്മസ് അവധികാലത്ത് ജില്ലാ സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."