തൊഴില്‍ സംരക്ഷണം: കശുവണ്ടി തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക് തോട്ടങ്ങളുടെ ലേലം ഇന്ന്
ബോവിക്കാനം: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക്. മിനിമം കൂലി 600 രൂപയായി വര്‍ധിപ്പിക്കുക, വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നു രാവിലെ മുളിയാര്‍ മുതലപ്പാറയിലെ എസ്റ്റേറ്റ് ഓഫിസിനു മുന്നിലാണു സമരം നടത്തുന്നത്.
തൊഴിലാളികളുടെ സമരത്തിനിടെ പ്ലാന്റേഷന്‍ കോര്‍പററേഷന്റെ ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളുടെ ലേലവും ഇന്നു തുടങ്ങും. പെരിയ, മുളിയാര്‍, ആദൂര്‍, പെര്‍ല തുടങ്ങിയ ഡിവിഷനുകളുടെ ലേലം ഇന്നു രാവിലെ ഒന്‍പതു മുതല്‍ മുതലപാറയിലുള്ള പ്ലാന്റേഷന്റെ കസര്‍കോട് എസ്റ്റേറ്റ് ഓഫിസിലാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം തോട്ടങ്ങള്‍ ലേലം നടത്തി സ്വകാര്യ കരാറുകാര്‍ക്കു നല്‍കിയിരുന്നുവെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും തോട്ടങ്ങള്‍ കരാറുക്കാര്‍ക്ക് കൈമാറുകയോ ലേല സമയത്ത് കെട്ടിവച്ച പണം തിരിച്ചുനല്‍കുകയോ ചെയ്തിരുന്നില്ല. കരാറുകാര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ലേലം റദ്ദ് ചെയ്യുകയും കെട്ടിവച്ച പണം തിരിച്ചുനല്‍കുകയുമായിരുന്നു. പിന്നീട് മുന്‍ധാരണ പ്രകാരം 6.80 കോടി രൂപയ്ക്ക് പ്ലാന്റേഷന്‍ തോട്ടങ്ങളിലെ കശുവണ്ടി ശേഖരണം കാപെക്‌സിനും കശുവണ്ടി വികസന കോര്‍പറേഷനും നല്‍കുകയായിരുന്നു. എന്നാല്‍ 1.80 കോടി രൂപ കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സും പ്ലാന്റേഷന്‍ കോര്‍പറേഷനു നല്‍കാന്‍ ബാക്കിയുള്ളതിനാല്‍ ഇത്തവണ ഈ കമ്പനികള്‍ക്ക് തോട്ടങ്ങള്‍ നല്‍കേണ്ടതില്ലെന്ന പ്ലാന്റേഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് ലേലം നടത്തി സ്വകാര്യ കരാറുകാര്‍ക്ക് നല്‍കുന്നത്.
ഇന്നു നടക്കുന്ന തോട്ടങ്ങളുടെ ലേലം തൊഴിലാളികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് തടസപ്പെടുമോയെന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."