കാവനൂരില്‍ ട്രാഫിക് സിഗ്നല്‍ നോക്കുകുത്തിയാകുന്നു
അരീക്കോട്: കാവനൂര്‍ ടൗണിലെ ഗതാഗതക്കുരുക്കഴിക്കാന്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ നോക്കുകുത്തിയാവുന്നു. 2012,13 വര്‍ഷത്തില്‍ പി.കെ ബഷീര്‍ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 11,92,192 രൂപ ചെലവഴിച്ച് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളാണ് പ്രവര്‍ത്തന രഹിതമായി കിടക്കുന്നത്. അരീക്കോട്, മഞ്ചേരി, കിഴിശ്ശേരി, ഇരിവേറ്റി എന്നീ ഭാഗങ്ങളിലുള്ള റോഡുകളിലാണ് സിഗ്നല്‍ സ്ഥാപിച്ചിട്ടുള്ളത്.
നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം സിഗ്നല്‍ സംവിധാനം ഗുണത്തേക്കാളേറെ ദോഷമായതോടെ അരീക്കോട് എസ്.ഐ കെ സിനോദിന്റ നേതൃത്വത്തില്‍ സിഗ്നലിന്റെ പ്രര്‍ത്തനം നിര്‍ത്തി വെപ്പിച്ചിരിക്കുകയാണിപ്പോള്. മഞ്ചേരി ഭാഗത്ത് നിന്നുവരുന്ന ചരക്കുവണ്ടികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ സിഗ്നല്‍ പ്രവര്‍ത്തിക്കുന്ന കാരണത്താല്‍ കയറ്റമുള്ള നടുറോഡില്‍ കുടുങ്ങുന്ന അവസ്ഥയാണുള്ളത്.
റോഡിന്റെ കയറ്റം കുറക്കാതെ സിഗ്നല്‍ സ്ഥാപിച്ചതിനാല്‍ മിക്ക വാഹനങ്ങളും സിഗ്നല്‍ പാലിച്ചിരുന്നില്ല. ദൂരെ നിന്ന് വരുന്ന വാഹനങ്ങള്‍ നിയമം പാലിക്കുകയും മറ്റുള്ളവര്‍ സിഗ്നലിന് പുല്ലുവില പോലും കല്‍പ്പിക്കാതിരിക്കുകയും ചെയ്തതോടെയാണ് പൊലിസ് ഇടപെട്ട് സിഗ്നല്‍ പ്രവര്‍ത്തന രഹിതമാക്കിയത്. കാവനൂര്‍ ടൗണില്‍ ട്രാഫിക് സിഗ്നല്‍ ആവശ്യമില്ലെന്നിരിക്കെ 12 ലക്ഷത്തോളം തുക മുടക്കി അശാസ്ത്രീയമായി നടത്തിയ വികസന പ്രവര്‍ത്തനം യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിന് പുറമെ ലക്ഷക്കണക്കിന് രൂപയാണ് നോക്കുകുത്തിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."