ഇനി കലണ്ടര്‍ പറയും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ ചരിത്രം
കോഴിക്കോട്: റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി ഒരു റെയില്‍വേ സ്‌റ്റേഷന്റെ സമ്പൂര്‍ണ ചരിത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു കലണ്ടര്‍ പുറത്തിറങ്ങുന്നു. 1888 ജൂണ്‍ രണ്ടിന് പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ ഇന്ന് വരെയുള്ള സമഗ്ര ചരിത്രം ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍ നിര്‍മിച്ചത്.
ആദ്യ റെയില്‍വേ ലൈനായ ബേപ്പൂര്‍ താനൂര്‍ പാത തുറന്നതും ഒളിംപ്യന്‍ അബ്ദുറഹിമാന്‍, എം.എസ്. ബാബുരാജ് തുടങ്ങിയ പ്രമുഖര്‍ വിവിധ ചടങ്ങുകള്‍ക്ക് സംബന്ധിച്ച റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രവും, നാല്‍പതോളം അപൂര്‍വ ചിത്രങ്ങളും, ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ റെയില്‍വേ സ്റ്റേഷന്റെ ആദ്യകാലവും 12പേജുകളിലായി ഉള്‍പെടുത്തിയിട്ടുണ്ട്.
പൊതു സ്വഭാവം നിലനിര്‍ത്തി നിര്‍മിച്ച കലണ്ടറിന് 'കാലിക്കറ്റ് റെയില്‍ മ്യൂസിങ്ങ്‌സ്'എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യ കാലത്തെ റെയില്‍വേ മാപ്പും 2013 ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ എസ്‌കലേറ്ററും ദക്ഷിണ റെയില്‍വേയുടെ രൂപീകരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും വിവരണങ്ങളും കലണ്ടറിന്റെ ഉള്ളടക്കത്തിലുണ്ട്. റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കലണ്ടര്‍ നിര്‍മാണത്തിന് നേതൃത്വം വഹിച്ചത് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ.ഷിനോയ് ജെസിന്താണ്.
ഒരു മാസത്തോളം കലണ്ടര്‍ നിര്‍മാണത്തിന് വേണ്ടി ചെലവഴിച്ചെന്നും കൊല്‍ക്കത്ത, ചെന്നൈ തുടങ്ങി രാജ്യത്തെ നിരവധി ആര്‍ക്കൈവ്‌സുകളില്‍ നിന്നാണ് കലണ്ടറിലേക്കുള്ള വിവരങ്ങള്‍ ശേഖരിച്ചതെന്നും അദ്ദേഹം പറഞ്ഞു.റെയില്‍വേ ഇന്‍സ് റ്റി റ്റിയൂട്ടിനോട് ചേര്‍ന്ന് റെയില്‍വേ പൈതൃക മ്യൂസിയം സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിലേക്കായി ബംഗാളിലെ സിലിഗുരി പ്രദേശത്തെ ഡാര്‍ജലിങ്ങ് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പഴയ റെയില്‍വെ ബോഗിയും അനുബന്ധ സാമഗ്രികളും എത്തിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തികള്‍ പിന്നീട് നടന്നില്ല. മ്യൂസിയം സ്ഥാപിക്കാന്‍ വകുപ്പ് തലത്തില്‍ ശ്രദ്ധക്ഷണിക്കാന്‍ വേണ്ടിയാണ് ചരിത്ര കലണ്ടര്‍ നിര്‍മിച്ചതെന്നും ഡോ.ഷിനോയ് സുപ്രഭാതത്തോട് പറഞ്ഞു. കലണ്ടറിന്റെ പ്രകാശനം പാലക്കാട് ഡിവിഷനല്‍ റെയില്‍ മാനേജര്‍ നരേഷ് ലാല്‍വാനി നിര്‍വഹിക്കും. ഒളിമ്പ്യന്‍ പി.ടി ഉഷ മുഖ്യാതിഥിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."