സമസ്ത ആദര്‍ശ സമ്മേളനം: കര്‍മരംഗത്ത് സജീവമാകുക: ജിഫ്രി തങ്ങള്‍
കോഴിക്കോട്: സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജനുവരി മുതല്‍ മെയ് വരെ ആചരിക്കുന്ന ആദര്‍ശ ക്യാംപയിനിന്റെ ഉദ്ഘാടന സമ്മേളനം 11ന് കൂരിയാട് നടക്കും. ഇതിന്റെ പ്രചാരണ രംഗത്ത് സജീവമാകാന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.
മുന്‍ഗാമികളായ മഹത്തുക്കളിലൂടെ കൈമാറ്റം ചെയ്തുവന്നതാണ് യഥാര്‍ഥ മതം. അതില്‍ കളങ്കം ചാര്‍ത്താന്‍ 1921ല്‍ പുത്തന്‍വാദികള്‍ രംഗത്ത് വന്നതുമുതലാണ് കേരള മുസ്ലിംകള്‍ക്കിടയിലെ ഐക്യം തകര്‍ന്നത്. ആദര്‍ശ സംരക്ഷണമാണ് സമസ്ത രൂപീകരണ ലക്ഷ്യം. ഏത് വെല്ലുവിളികളേയും അതിജയിച്ച് മുന്നോട്ട് പോയ പാരമ്പര്യമാണ് സമസ്തയുടേത്.
മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള നവീനവാദികളോടുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഖ്യാപിത സമീപനത്തില്‍ യാതൊരു മാറ്റവുമില്ല. സമസ്തയുടെ നിലപാടിനും ആദര്‍ശത്തിനും വിരുദ്ധമായി മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത വിവാദവുമായി ബന്ധപ്പെട്ട് സമസ്ത നിശ്ചയിച്ച അഞ്ചംഗ സമിതി സുചിന്തിതമായ തീരുമാനമെടുത്ത് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷം ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ പ്രവര്‍ത്തകര്‍ അവഗണിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
പള്ളികളില്‍ ഉദ്ബോധനം
ആദര്‍ശ പ്രചാരണ ക്യാംപയിന് ഉദ്ഘാടന മഹാസമ്മേളനം വിജയിപ്പിക്കാന്‍ വെള്ളിയാഴ്ച പള്ളികളില്‍ ഉദ്ബോധനം നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും മഹല്ല് ഖത്തീബുമാരോടും കമ്മിറ്റി ഭാരവാഹികളോടും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."