കരിപ്പൂരില്‍ റിസ നിര്‍മാണത്തിന് ചെലവ് ആറ് കോടി; കരാര്‍ അഞ്ച് കമ്പനികള്‍ക്ക്
കൊണ്ടോട്ടി: കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് ആരംഭിക്കുന്നതിനായി ഒരുക്കുന്ന റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) നിര്‍മാണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുന്ന പ്രവൃത്തികള്‍ ജനുവരി 15ന് ആരംഭിക്കും. നിര്‍മാണത്തിനായി 15ാം തിയതി മുതല്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 7 വരെയും മാര്‍ച്ച് 25ന് ശേഷം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 8 വരെയും റണ്‍വേ ഭാഗികമായി അടച്ചിടും. ഈ സമയത്തെ വിമാനങ്ങളുടെ സമയ ഷെഡ്യൂള്‍ ക്രമീകരിച്ചിട്ടുണ്ട്. ആറ് കോടി മുടക്കിയുള്ള പ്രവൃത്തികള്‍ അഞ്ച് കമ്പനികളാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. റണ്‍വേയില്‍ ലൈറ്റിങ് ക്രമീകരണങ്ങള്‍ മാറ്റിയാണ് റിസ ഏരിയ വര്‍ധിപ്പിക്കുന്നത്. 90 മീറ്ററുള്ള നിലവിലെ റിസയുടെ നീളം 240 മീറ്ററാക്കാനാണ് തീരുമാനം. റിസ പുനര്‍നിര്‍മാണം കഴിയുന്നതോടെ നിലവിലുള്ള റണ്‍വേയുടെ ദൈര്‍ഘ്യം 2700 മീറ്ററായി കുറയും. ബോയിങ് 777-200 വിമാനങ്ങള്‍ സര്‍വിസ് ആരംഭിക്കുന്നതിനായാണ് കരിപ്പൂരില്‍ റിസ നീളം കൂട്ടുന്നത്.
റണ്‍വേയുടെ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് 2015 മുതല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വിസ് നിര്‍ത്തിവച്ചത്. 2850 മീറ്ററുള്ള റണ്‍വേ ദൈര്‍ഘ്യമുള്ള എയര്‍പോര്‍ട്ട് കോഡ്-ഡി വിമാനങ്ങളള്ക്കായി രൂപകല്‍പ്പന ചെയ്തതാണെന്നും രണ്ട് അറ്റത്തും മതിയായ റിസയില്ലെന്നും ഡി.ജി.സി.എ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിസ നീളം കൂട്ടാന്‍ വിമാനത്താവള അതോറിറ്റി പദ്ധതി തയാറാക്കി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."